BUSINESS

പിഎം സൂര്യഘര്‍: സബ്സിഡിയോടെ വീടുകളില്‍ സോളാര്‍ വെച്ചവര്‍ ശ്രദ്ധിക്കുക; തട്ടിപ്പുകള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന വരുന്നു


PM Surya Ghar Scheme Fraud: കേന്ദ്ര സര്‍ക്കാരിന്റെ പുരപ്പുറ സോളാര്‍ പദ്ധതിയുടെ ഏറ്റവും പ്രധാന ഉപഭോക്താക്കളില്‍ ഒന്നാണ് കേരളം. കേന്ദ്ര സബ്‌സിഡിയോടെ വീടുകളില്‍ സോളാര്‍ പ്ലാന്റുകള്‍ വയ്്ക്കുമ്പോള്‍ അതിന് കൃത്യമായ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ ഈ മാനദണ്ഡങ്ങളില്‍ ഉപയോക്താവ് അറിഞ്ഞും, അറിയാതെയും വെള്ളം ചേര്‍ക്കുന്ന വെണ്ടര്‍മാരും ഏറെയാണ്. ചെലവ് കുറയ്ക്കാനും, ലാഭ മാര്‍ജിന്‍ വര്‍ധിപ്പിക്കാനും ചെയ്യുന്ന ഇത്തരം തട്ടിപ്പുകള്‍ പദ്ധതിയുടെ ഗുണമേന്‍മയാണ് ഇല്ലാതാക്കുന്നത്. നിലവാരം കുറഞ്ഞ ഉപകരണങ്ങളും, വ്യാജ സബ്സിഡി അപേക്ഷകളും കണ്ടെത്താന്‍ സര്‍ക്കാര്‍ വഴി നടത്തുന്ന ഔദ്യോഗിക തേഡ് പാര്‍ട്ടി ഇന്‍സ്‌പെക്ഷനെ പറ്റിയാണ് ഇന്നു പറയുന്നത്. ഇവര്‍ നിങ്ങളുടെ വീടുകളിലെ പ്ലാന്റുകള്‍ സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തിയേക്കാം.തേഡ് പാര്‍ട്ടി ഇന്‍സ്‌പെക്ഷന്‍പിഎം സൂര്യഘര്‍ പദ്ധതിയില്‍ തട്ടിപ്പുകള്‍ കണ്ടെത്താനും, സാങ്കേതിക ക്രമക്കേടുകള്‍ തടയാനും, ഗുണനിലവാരം ഉറപ്പാക്കാനും കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയവും (MNRE) വിതരണ കമ്പനികളും അംഗീകൃത തേഡ് പാര്‍ട്ടി ഇന്‍സ്‌പെക്ഷന്‍ ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ട്. അതായത് പ്ലാന്റ് സ്ഥാപിച്ച വീടുകളില്‍ സാങ്കേതിക പരിശോധനയ്ക്കായി പ്രാദേശിക വിതരണ കമ്പനി (KSEB) ഉദ്യോഗസ്ഥരും, കേന്ദ്ര അംഗീകൃത തേഡ് പാര്‍ട്ടി ഇന്‍സ്‌പെക്ഷന്‍ ഏജന്‍സികളും നേരിട്ടെത്താം. ഇത് കുറ്റാന്വേഷണ ഏജന്‍സിയല്ല, മറിച്ച് സൗരോര്‍ജ്ജ പ്ലാന്റുകളുടെ സുരക്ഷയും, ഗുണനിലവാരവും പരിശോധിക്കുന്ന സാങ്കേതിക ഓഡിറ്റ് ഏജന്‍സികളാണ്.സര്‍ക്കാര്‍ നടപടിക്കുള്ള കാരണങ്ങള്‍വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളെ ഗാര്‍ഹിക ആവശ്യത്തിനുള്ളതാണെന്ന് കാണിച്ച് അന്യായമായി സബ്സിഡി തട്ടിയെടുക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതാണ് ഒരു പ്രധാന കാരണം. മറ്റൊരു കാരണം ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളും, പ്ലാന്റുകളും വര്‍ധിക്കുന്നതാണ്. സബ്‌സിഡി ലഭിക്കാന്‍ സര്‍ക്കാര്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. പദ്ധതി നിബന്ധന പ്രകാരം ഇന്ത്യയില്‍ നിര്‍മ്മിച്ച DCR (Domestic Content Requirement) പാനലുകള്‍ക്ക് പകരം വ്യാജ, വിലകുറഞ്ഞ പാനലുകളും ഇന്‍വെര്‍ട്ടറുകളും നല്‍കുന്നത് കണ്ടുപിടിക്കാന്‍ ഇത്തരം അന്വേഷണങ്ങള്‍ വഴി സാധിക്കും. അംഗീകാരമില്ലാത്ത വെണ്ടര്‍മാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ആളുകളില്‍ നിന്ന് മുന്‍കൂറായി പണം തട്ടിയെടുക്കുന്നത് തടയാനും ഈ നടപടി വഴി കഴിയും.ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി പരിശോധിക്കുന്ന കാര്യങ്ങള്‍ DCR & ALMM അനുമതി: പാനലുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ALMM ലിസ്റ്റില്‍ പെട്ടതാണോ എന്നും ഇന്ത്യയില്‍ നിര്‍മ്മിച്ച DCR പാനലുകള്‍ തന്നെയാണോ എന്നും പരിശോധിക്കും. ഇന്‍വെര്‍ട്ടര്‍ ക്വാളിറ്റി: BIS അംഗീകാരമുള്ള സാങ്കേതികമായി സുരക്ഷിതമായ ഇന്‍വെര്‍ട്ടറുകളാണോ ഉള്ളതെന്ന് ഉറപ്പുവരുത്തും. കണക്ഷന്‍ കാറ്റഗറി: പ്ലാന്റ് സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിലെ വൈദ്യുതി കണക്ഷന്‍ യഥാര്‍ത്ഥത്തില്‍ ഗാര്‍ഹിക (LT-1A) ഉപഭോക്താവിന്റേതാണോ എന്നത്. സുരക്ഷയും നിര്‍മ്മാണ നിലവാരവും: എര്‍ത്തിംഗ് (Earthing), വെയറിംഗ്, ലൈറ്റ്‌നിങ് അറസ്റ്റര്‍, സാങ്കേതിക ഘടന (Structure) എന്നിവയുടെ സുരക്ഷ.തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉണ്ടാകുന്ന നടപടികള്‍ക്രമക്കേട് കാട്ടിയ ഉപഭോക്താക്കള്‍ക്ക് കേന്ദ്ര സബ്സിഡി (പരമാവധി 78,000 രൂപ) ലഭിക്കില്ല. തുക കൈപ്പറ്റിയെങ്കില്‍ പലിശ സഹിതം തിരിച്ചടയ്‌ക്കേണ്ടി വരും. ഇത്തരം പ്ലാന്റുകള്‍ സ്ഥാപിച്ച വെണ്ടര്‍മാരെ ബ്ലാക്ക്ലിസ്റ്റ് ചെയ്യും. തെറ്റായ സാമഗ്രികള്‍ നല്‍കുകയോ, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയോ ചെയ്ത വെണ്ടര്‍മാരുടെ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ബാങ്ക് ഗ്യാരന്റി കണ്ടുകെട്ടുകയും ചെയ്യും. വ്യാജരേഖ ചമയ്ക്കലോ, വഞ്ചനയോ നടത്തിയവര്‍ക്കെതിരെ പോലീസ് കേസുകളും ക്രിമിനല്‍ നടപടികളും സ്വീകരിക്കും.മലയാളികള്‍ക്ക് നേട്ടമാകുന്നത് എങ്ങനെസബ്‌സിഡി സോളാര്‍ സ്‌കീം വലിയ തോതില്‍ ഏറ്റെടുത്തവരാണ് മലയാളികള്‍. പലരും വെണ്ടര്‍മാരെ കണ്ണടച്ചു വിശ്വസിക്കുന്നു. ഇത്തരം പരിശോധനകള്‍ വെണ്ടര്‍മാരെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. ഇത് മികച്ച സേവനം നല്‍കാന്‍ കാരണമാകും. സാങ്കേതിക പരിശോധന നടക്കുന്നതിനാല്‍ 25 വര്‍ഷം വരെ തകരാറില്ലാതെ ഉല്‍പ്പാദനം നല്‍കുന്ന ഗുണനിലവാരമുള്ള പാനലുകള്‍ തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. പ്രക്രിയ സുതാര്യമാകുന്നതോടെ യഥാര്‍ത്ഥ അര്‍ഹരായ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി തുക തടസമില്ലാതെ നേരിട്ടെത്തും.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ പിഴവുകള്‍ കണ്ടെത്തുന്ന സാഹചര്യങ്ങളില്‍ അവ പരിഹരിക്കാന്‍ ഉപയോക്താക്കള്‍ക്കും, വെണ്ടര്‍മാര്‍ക്കും ചെറിയ സാവകാശം നല്‍കിയേക്കാം. ഈ സമയപരിധിക്കുള്ളില്‍ അവ പരിഹരിക്കാന്‍ കഴിഞ്ഞില്ലേല്‍ തുടര്‍ നടപടികള്‍ ബാധകമാകും. അപേക്ഷകള്‍ ‘pmsuryaghar.gov.in` പോര്‍ട്ടല്‍ വഴി മാത്രം നല്‍കുക. അപരിചിതരുടെ ഫോണ്‍ കോളുകള്‍ വഴിയോ സന്ദേശങ്ങള്‍ വഴിയോ പണം കൈമാറരുത്. പോര്‍ട്ടലില്‍ അംഗീകാരമുള്ള വെണ്ടര്‍മാര്‍ വഴി മാത്രം പ്ലാന്റ് സ്ഥാപിക്കുക. വലിയ വിലക്കിഴിവുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമായി ചോദിച്ച് മനസിലാക്കുക. ഇന്‍സ്റ്റാളേഷനായി എത്തിക്കുന്ന പാനലുകള്‍, വയറുകള്‍, കേബിളുകള്‍ എല്ലാം ഉപയോക്താവ് സ്വന്തം നിലയില്‍ പരിശോധിച്ച് ക്വട്ടേഷനില്‍ നല്‍കിയിരിക്കുന്നത് തന്നെയാണെന്ന് ഉറപ്പുവരുത്തുക. പരിശോധനക്കായി വീടുകളില്‍ എത്തുന്ന ഏജന്‍സികള്‍ക്കോ, ഇന്‍സ്‌പെക്ടര്‍മാര്‍ക്കോ നിങ്ങള്‍ പണം നല്‍കേണ്ടതില്ല. പരിശോധനയ്ക്ക് എത്തുന്നവര്‍ അതിന് നിയോഗിക്കപ്പെട്ടവരാണോ എന്നു പരിശോധിച്ച ശേഷം മാത്രം അനുമതി നല്‍കുക. സോളാര്‍ പാനലിന്റെ Serial Number, DCR സര്‍ട്ടിഫിക്കറ്റ്, ഇന്‍വോയ്‌സ് എന്നിവ വെണ്ടറില്‍ നിന്ന് വാങ്ങി സൂക്ഷിക്കുക. കെഎസ്ഇബി ഫീസിബിലിറ്റിയും സാമഗ്രികളും വീടുകളിലെത്തി പരിശോധിച്ച ശേഷവും ഘട്ടങ്ങളായി മാത്രം പണം നല്‍കുക.(മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. മാറ്റങ്ങള്‍ വരാം. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)


Read News

Back to top button