NEWS
ക്ഷേത്രത്തിൽ തലക്കറിയും വറുത്ത മീനും കഴിച്ച് സുവേന്ദു അധികാരി; ആരോപണങ്ങളുടെ മുനയൊടിച്ച് തന്ത്രപരമായ നീക്കം

കൊൽക്കത്ത ∙ കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ നിന്നും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മത്സ്യവിഭവങ്ങൾ അടങ്ങിയ ഭോഗ് കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ദുർഗാപൂജക്കാലത്ത് ബംഗാളി ഹിന്ദുക്കൾ മാംസാഹാരം കഴിക്കുന്നതിനെതിരെ ഉത്തരേന്ത്യൻ ആത്മീയ ആചാര്യനായ ബാഗേശ്വർ ധാം തലവൻ ധീരേന്ദ്ര ശാസ്ത്രി നടത്തിയ കടുത്ത പരാമർശങ്ങൾക്ക് ബംഗാളി ശൈലിയിലുള്ള ശക്തമായ മറുപടിയായാണ് മുഖ്യമന്ത്രിയുടെ നീക്കം വിലയിരുത്തപ്പെടുന്നത്. അതീവ വിശുദ്ധമായി കരുതുന്ന കൗശികി അമാവാസി ദിനത്തിലാണ് സുവേന്ദു അധികാരി കാളിഘട്ട് ക്ഷേത്രം സന്ദർശിച്ചത്. ക്ഷേത്ര തറയിലിരുന്ന് കാളിഘട്ടിലെ പ്രശസ്തമായ വലിയ മീൻ തലക്കറിയും വറുത്ത മീനും ബസന്തി പുലാവും അടങ്ങുന്ന ഭോഗ് അദ്ദേഹം കഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യമാണ്. ഈ പ്രസാദമാണ് പിന്നീട് ഭക്തർക്ക് ഭക്ഷണമായി നൽകുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സസ്യഭക്ഷണ ശീലങ്ങൾ ബംഗാളിലേക്ക് അടിച്ചേൽപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. ‘‘ഞാൻ ഒരു സനാതന ഹിന്ദുവാണ്. മഹാഷ്ടമി നാളിൽ ദുർഗാദേവിയെ പൂജിക്കുമ്പോൾ ഞാൻ സസ്യ ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ. കാർത്തിക മാസത്തിലും ഞാൻ സസ്യാഹാരിയാണ്. എന്നാൽ അതേസമയം തന്നെ കാളിദേവിക്ക് പൂജിച്ച ആട്ടിറച്ചിയും ഞാൻ കഴിക്കാറുണ്ട്. ഇന്ന് ക്ഷേത്രത്തിൽ സമർപ്പിച്ച മീൻ തലക്കറിയും പുലാവും ഞാൻ പ്രസാദമായി കഴിച്ചു. അത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്’’ – സുവേന്ദു അധികാരി പറഞ്ഞു.
Fashion ⏭️


