NEWS
ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു

ബെയ്റൂട്ട് ∙ തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക് താഴെ ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുല്ല നിർമിച്ച പ്രധാന തുരങ്ക ശൃംഖലകൾ പൂർണമായും തകർത്തതായി ഇസ്രയേൽ വ്യോമസേന. വ്യാഴാഴ്ച രാത്രിയാണ് അതിർത്തി മേഖലയെ നടുക്കിയ വൻ സ്ഫോടന പരമ്പരകളിലൂടെ ഇസ്രയേൽ സൈനിക നീക്കം നടത്തിയത്. ഇറാനിയൻ ഫണ്ടിങ്ങോടെയും ആസൂത്രണത്തോടെയും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഹിസ്ബുല്ല നിർമിച്ചെടുത്ത അതീവ തന്ത്രപ്രധാനമായ ഭീകരവാദ അടിസ്ഥാന സൗകര്യമാണ് ഇതെന്നും, തുരങ്കങ്ങൾ തകർത്തതോടെ അലി അൽ-താഹിർ മലനിരകളുടെ മുകളിലും താഴെയും ഇസ്രയേൽ സൈന്യം പൂർണമായ നിയന്ത്രണം കൈവരിച്ചതായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിലൂടെ പറഞ്ഞു. ലബനനിലെ നബാത്തിയ മേഖലയിലുള്ള മലനിരകളിൽ ഇസ്രയേൽ നടത്തിയ വൻ സ്ഫോടനം പ്രദേശത്താകെ ശക്തമായ പ്രകമ്പനത്തിനും ഭൂമിക്കടിയിൽ നിന്നുള്ള വൻ ശബ്ദത്തിനും കാരണമായതായി ലബനന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. ഭൂമിക്കടിയിൽ രണ്ട് കിലോമീറ്ററിലധികം നീളത്തിൽ വ്യാപിച്ചുകിടക്കുന്നതായിരുന്നു വൻ തുരങ്ക സമുച്ചയമെന്ന് ഇസ്രയേൽ സൈന്യം വെളിപ്പെടുത്തി. ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇറാൻ നിർമിത റോക്കറ്റുകൾ, മിസൈലുകൾ, യുഎവി (ഡ്രോണുകൾ), മെഷീൻ ഗണ്ണുകൾ, ഡസൻകണക്കിനു ടാങ്ക് വിരുദ്ധ മിസൈലുകൾ, നൂറുകണക്കിനു ലാൻഡ് മൈനുകൾ, സ്ഫോടക വസ്തുക്കൾ എന്നിവയും സൈന്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
Fashion ⏭️


