NEWS

യുകെ ‘ട്രിപ്പ്’ ഇനി ചെലവേറും; താമസസൗകര്യങ്ങളിൽ പ്രധാന മാറ്റം, സഞ്ചാരികൾക്ക് തിരിച്ചടിയായി പുതിയ പദ്ധതി


ലണ്ടൻ∙ ഇംഗ്ലണ്ടിലെത്തുന്ന വിനോദസഞ്ചാരികൾക്ക് അധിക ചെലവ് വരുത്തുന്ന ‘ടൂറിസ്റ്റ് ടാക്സ്’ ഏർപ്പെടുത്താൻ മേയർമാർക്ക് അധികാരം നൽകുന്ന പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നു. ഹോട്ടലുകളിലും മറ്റ് താമസസൗകര്യങ്ങളിലും രാത്രി തങ്ങുന്നവരിൽനിന്ന് ഫീസ് ഈടാക്കുന്നതിനാണ് പ്രാദേശിക ഭരണകൂടങ്ങൾക്ക് അധികാരം ലഭിക്കുക. ഇന്ന് ഹൗസിങ് സെക്രട്ടറി ആഞ്ചല റെയ്‌നർ മേയർമാരുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പ്രഖ്യാപിക്കും. ‘ഓവർനൈറ്റ് വിസിറ്റർ ലെവി’ എന്ന പേരിലുള്ള പദ്ധതിപ്രകാരം താമസച്ചെലവിന്റെ ഒരു ശതമാനമായിരിക്കും ഫീസ് ഈടാക്കുക. സ്ഥിരമായ തുകയ്ക്കു പകരം താമസച്ചെലവിന്റെ അടിസ്ഥാനത്തിൽ ഫീസ് നിശ്ചയിക്കുന്നതിനാൽ കുറഞ്ഞ ചെലവിലുള്ള അവധിയാത്രകളെ സംരക്ഷിക്കാനാണ് നീക്കമെന്നാണ് സർക്കാരിന്റെ വിശദീകരണം.ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങൾ പുതിയ അധികാരം ഉപയോഗിച്ച് ടൂറിസ്റ്റ് ടാക്സ് ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ലണ്ടൻ മേയർ സാദിഖ് ഖാൻ പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ട്. താമസച്ചെലവിൽ മൂന്ന് ശതമാനം ലെവി ഏർപ്പെടുത്തിയാൽ തലസ്ഥാനത്തിന് പ്രതിവർഷം 350 മില്യൻ പൗണ്ടിലധികം വരുമാനം ലഭിക്കുമെന്ന് ജനുവരിയിലെ പഠനം വ്യക്തമാക്കിയിരുന്നു. അതേസമയം അധിക നികുതി ഏർപ്പെടുത്തുന്നത് കുടുംബങ്ങളുടെയും യുവാക്കളുടെയും അവധിയാത്രാ ചെലവ് ഉയർത്തുമെന്നും ബ്രിട്ടന്റെ രാജ്യാന്തര വിനോദസഞ്ചാര മത്സരക്ഷമതയെ ബാധിക്കുമെന്നും ഹോസ്പിറ്റാലിറ്റി മേഖല മുന്നറിയിപ്പ് നൽകി.


Fashion ⏭️

Back to top button