NEWS
ജീവൻ നിലനിർത്താൻ ചെളിവെള്ളം മാത്രം; കൊടുംതണുപ്പും ഇരുട്ടും: തൊട്ടടുത്തു മരണം; പത്താം ദിനം രക്ഷ

കഠ്മണ്ഡു ∙ ഓഗസ്റ്റ് 26 രാവിലെ 7.30. ത്രിശൂലി 3എ ജലവൈദ്യുത നിലയത്തിൽ ജോലിക്കു പോകുന്നതിനുമുൻപ് കബീർ മഹർജാൻ ഭാര്യ ഹിരാ ഷോവയെ ഫോണിൽ വിളിച്ചു: തുരങ്കത്തിലേക്കു പോകുകയാണ്, അവിടെ നെറ്റ്വർക്ക് ഉണ്ടാകില്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആ ദുരന്തവാർത്തയെത്തി. ലാങ്ടാങ് ലിരങ് മഞ്ഞുമല ഇടിഞ്ഞുവീണു.നദിയിലൂടെ കുതിച്ചെത്തിയ പ്രളയജലം മിനിറ്റുകൾക്കകം നൂറുകണക്കിനു ജീവനുകളെടുത്തു. സഹപ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ടണലിൽ കുടുങ്ങിയ കബീറിനും സഹപ്രവർത്തകൻ സഞ്ജയ് സാഹിനും വേണ്ടി പ്രാർഥിക്കുകയായിരുന്നു പ്രിയപ്പെട്ടവർ. ഒടുവിൽ ഇരുട്ടറയിൽനിന്ന് അവർ ജീവിതത്തിലേക്കു തിരിച്ചെത്തി; അപാരമായ ഇച്ഛാശക്തിയും ഭാഗ്യവും കൊണ്ട്.‘റോയിട്ടേഴ്സാ’ണ് ഇരുവരുടെയും അതിജീവനത്തിന്റെ നേരനുഭവങ്ങൾ പുറത്തുകൊണ്ടുവന്നത്.ആശുപത്രി കിടക്കയിൽ കണ്ണുതുറന്ന കബീർ യാതനാപൂർണമായ ആ ദിനങ്ങളുടെ ആഘാതത്തിൽ സ്വന്തം ഭാര്യയെപ്പോലും തിരിച്ചറിഞ്ഞില്ല. എങ്കിലും, കബീറിന്റെ ഈ പുതുജന്മത്തിൽ ഹിരാ ഷോവ അതിയായ സന്തോഷത്തിലാണ്. ഇരുവരുടെയും അദ്ഭുതകരമായ രക്ഷപ്പെടൽ വലിയൊരു പ്രതീക്ഷയാണു പകരുന്നത്; ഇപ്പോഴും തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 121 തൊഴിലാളികൾ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷ.
Fashion ⏭️


