CINEMA

നല്ല സിനിമയുടെ സായാഹ്നം അസ്തമിച്ചു

ആദ്യ സംവിധാന സംരംഭം സായാഹ്നം നേടിക്കൊടുത്തത് ഏഴു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ. ഒരു നവാഗത സംവിധായകന് ആനന്ദലബ്ധിക്ക് ഇതിൽപ്പരം എന്ത് വേണം. ഡോക്യുമെന്ററി സംവിധായകനായാണ് ആർ. ശരത് ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. ദ പെയിന്റഡ് എപ്പിക്സ് എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിനടെ രാജാരവിവർമ്മയുമായി ബന്ധപ്പെട്ട അപൂർ‌വ ചുവർ ചിത്രങ്ങൾ കണ്ടെത്തിയത് ഗവേഷണ ജീവിതത്തിൽ വഴിത്തിരിവായി.

ചുവർച്ചിത്ര ഗവേഷണത്തിന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു.സായാഹ്നത്തിലൂടെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിര ഗാന്ധി പുരസ്കാരവും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അംഗീകാരവും ലഭിച്ചത് വലിയ തിളക്കമായി. വ്യത്യസ്തമായ പ്രമേയം സ്വീകരിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു. പരിസ്ഥിതി,​ ആണവായുധ വിരുദ്ധത തുടങ്ങിയ സാമൂഹിക വിഷയങ്ങളായിരുന്നു സായാഹ്നത്തിന്റെ പ്രമേയം.

കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് അകാലത്തിൽ വിട പറഞ്ഞ നാടകാചാര്യൻ ഒ. മാധവനായിരുന്നു. സായാഹ്നത്തിലെ അഭിനയത്തിന് 2000ൽ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഒ. മാധവന് ലഭിച്ചു. സെക്രട്ടേറിയേറ്റിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ ജീവിതം പ്രമേയമാക്കിയ സ്ഥിതി നിരൂപക പ്രസംശ നേടി. പിന്നണി ഗായകൻ ഉണ്ണി മേനോൻ ആയിരുന്നു നായകൻ. അഭിനയിക്കണമെന്ന് ശരത് സ്നേഹത്തോടെ അഭ്യർത്ഥിച്ചപ്പോൾ ഉണ്ണി മേനോൻ അത്ഭുതപ്പെട്ടു.

ഒ.എൻ.വി കുറുപ്പിന്റെ കവിതയെ ആസ് പദമാക്കി ഒരുക്കിയ ഭൂമിക്ക് ഒരു ചരമഗീതം എന്ന ഹ്രസ്വചിത്രവും ശ്രദ്ധേയമായി. ശീലാബതി,​ സ്വയം,​ പറുദീസ, ബുദ്ധനും ചാപ്ളിനും ചിരിക്കുന്നു ,​ ദി ഡിസയർ : എ ജേർണി ഒഫ് എ വുമൺ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കാണാതായ പെൺകുട്ടികൾക്കുള്ള സമർപ്പണമായിരുന്നു ശീലാബതി .ഇന്തോ- ചൈനീസ് സംയുക്ത സംരംഭമായ ദി ഡിസയർ : എ ജേർണി ഒഫ് എ വുമൺ എന്ന ഹിന്ദി ചിത്രം നിരവധി അന്താരാഷ്ടട്ര ചലച്ചിത്ര പുരസ്കാരങ്ങൾ വാരി. ബ്യുറൽ ഒഫ് ഡ്രീംസ് എന്ന ഡോക്യുമെന്ററിയാണ് അവസാന സംരംഭം.


Business ⏭️

Back to top button