സി.പി.എം വിശാല സംസ്ഥാന സമിതി: പിണറായി-ഗോവിന്ദൻ സമവാക്യം മാറുമോ

കോഴിക്കോട്: മൂന്നു ദിവസത്തെ സി.പി.എം വിശാല സംസ്ഥാന കമ്മറ്റിക്കായി കോഴിക്കോട് ഒരുങ്ങവെ, പിണറായി -ഗോവിന്ദൻ സമവാക്യം മാറുമോ എന്നതാണ് അണികളിൽ നിന്നുയരുന്ന ചോദ്യം.13 മുതൽ 15 വരെ കോഴിക്കോട് സി.പി.എം ഓഫീസിലെ എ.കെ.ജി ഓഡിറ്റോറിയത്തിലാണ് യോഗം .
കേരളത്തിൽ നിന്നുള്ള പി.ബി.അംഗങ്ങൾക്ക് പുറമേ ,പി.ബിയിലെ നാലു പേർ കൂടി നിരീക്ഷകരായി മുഴുവൻ സമയവും ഉണ്ടാവും. കേരളത്തിലെ കേന്ദ്ര കമ്മറ്റി അംഗങ്ങൾ, സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി അംഗങ്ങൾക്ക് എന്നിവർക്ക് പുറമേ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും വർഗ ബഹുജന സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കും. ബംഗാളിനും ത്രിപുരയ്ക്കും ശേഷം നടക്കുന്ന മൂന്നാമത്തെ സി.പി.എം വിപുലീകൃത സംസ്ഥാന സമിതിയാണിത്. കോഴിക്കോട് ബീച്ചിൽ ഒരു ലക്ഷം പേരെ അണിനിരത്തിയുള്ള മഹാറാലിയോടെയാണ് സമാപനം.
നിലവിലെ പാർട്ടി സംവിധാനം പോറലില്ലാതെ സംരക്ഷിക്കുകയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ലക്ഷ്യമിടുന്നത്.എന്നാൽ,, നിരീക്ഷകരായെത്തുന്ന പി.ബി.അംഗങ്ങളായ കെ.ബാലകൃഷ്ണൻ, ബി.വി.രാഘവലു, അശോക് ധാവ്ള, വിജുകൃഷ്ണൻ എന്നിവരുടെ നിലപാടുകൾ നിർണായകമാവും. തിരഞ്ഞെടുപ്പ് പരാജയത്തിൽ വിമർശന വിധേയമായത് പിണറായിയുടെ ശൈലിയാണെങ്കിലും , സി.പി.എം സംസ്ഥാന കമ്മിറ്റി കണ്ടെത്തിയതിൽ പ്രധാനം സംഘടനാ ദൗർബല്യമാണ്. തിരഞ്ഞെടുപ്പ് സമയത്ത് പോലും പ്രവർത്തകർ നിസംഗരായി മാറിയെന്ന വിമർശനമാണ് ഉയർന്നത്. ഗൃഹ സന്ദർശനം പോലും പരാജയപ്പെട്ടു.
,കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലെ ‘ തകർച്ചയുടെ സംഘടനാപരമായ കാരണങ്ങൾ’ ഉയർത്തി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുകയാണ് എതിർ
ചേരിയുടെ ലക്ഷ്യം.ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നതിനപ്പുറത്ത് താത്വിക അവലോകനങ്ങളിൽ പാർട്ടി സെക്രട്ടറി മുങ്ങിപ്പോയെന്നും ,കേവലം പിണറായിയുടെ നിഴലായി ചുരുങ്ങിപ്പോയതാണ് ഇത്രയും വലിയ തോൽവിയിലേക്ക് പാർട്ടിയെ എത്തിച്ചതെന്നുമുള്ള വിമർശനം ശക്തമാണ്. തിരഞ്ഞെടുപ്പ് തോൽവിയിൽ പല വട്ടം പി.ബി.മുതൽ സംസ്ഥാന കമ്മറ്റിയിൽ വരെ ചർച്ച നടന്നിരുന്നു വിശാല സംസ്ഥാന സമിതിയിലെ ‘ചവിട്ടി ഉഴിച്ചിലിൽ ‘
എന്തെങ്കിലും മാറ്റം സംഭവിക്കണമെന്നാണ് ഭൂരിഭാഗം പാർട്ടി അണികളുടെയും ആഗ്രഹം..


