NEWS
കാർ തടഞ്ഞ് ഭീഷണി, അസഭ്യവർഷം; ചോദ്യം ചെയ്ത പൊലീസിനു നേരെയും കയ്യേറ്റം: സ്വകാര്യ ബസ് ക്ലീനർ കസ്റ്റഡിയിൽ

കൊച്ചി ∙ പൊലീസിനെ ആക്രമിച്ച കേസിൽ നഗരത്തിലെ സ്വകാര്യ ബസ് ക്ലീനർ കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാറിനെ കസ്റ്റഡിയിലെടുത്തു. നഗരത്തിലും പരിസരപ്രദേശങ്ങളിലും കാർ യാത്രക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസുകളിൽ കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോഴായിരുന്നു പൊലീസിനെയും ഇയാൾ കയ്യേറ്റം െചയ്തത്. എന്നാൽ ഈ കാര്യങ്ങളൊന്നും ഉൾപ്പെടുത്താതെ അൻസാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച എറണാകുളം നോർത്ത് പൊലീസിന്റെ നടപടി വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച വകുപ്പു കൂടി ചേർത്ത് അന്‍സാറിനെ കസ്റ്റഡിയിലെടുത്തത്. കാർ യാത്രക്കാരനെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും വഴി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ തൃക്കാക്കര പൊലീസ് ഇന്നു രാവിലെ അൻസാറിനെതിരെ പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22ന് വൈകിട്ട് 5.15ഓടെ വഴക്കാല ഭാഗത്തുവച്ചുണ്ടായ സംഭവത്തിലായിരുന്നു തൃക്കാക്കര പൊലീസിന്റെ കേസ്. പാലാരിവട്ടത്തുനിന്നും കാക്കനാട് ഭാഗത്തേക്ക് കാറിൽ വരികയായിരുന്ന പടമുഗൾ സ്വദേശി സി.ബി.റെജിൻസ് എന്നയാളാണ് അതിക്രമം നേരിട്ടത്. അമിതവേഗതയിലും ഉച്ചത്തിൽ ഹോണടിച്ചും പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിന്റെ ഇടതുവശത്തുകൂടി അപകടകരമായി ഓവർടേക്ക് ചെയ്ത് വഴി ബ്ലോക്കാക്കി നിർത്തി. തുടർന്ന് ബസ് നിർത്തിയിട്ടത് ചോദ്യം ചെയ്തുകൊണ്ട് റെജിൻസ് ഹോൺ അടിച്ചതിൽ കോപാകുലനായ അൻസാർ ബസിൽ നിന്നിറങ്ങിവന്ന് കാറിന്റെ ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടു. ഗ്ലാസ് താഴ്ത്തിയ ഉടൻ കടുത്ത അസഭ്യവർഷം ചൊരിയുകയും കാറിന്റെ ബോണറ്റിൽ ശക്തിയായി അടിക്കുകയും കാറിന് യാത്രാതടസം ഉണ്ടാക്കുകയുമായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നു. റെജിൻസിന്റെ കാർ തടഞ്ഞിട്ട് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.ഓഗസ്റ്റ് 22ലെ വഴക്കാല സംഭവത്തിൽ മുൻപ് പരാതി നൽകിയപ്പോൾ ബസിന് നിസാര പിഴയിട്ട് പൊലീസ് വിഷയം ഒതുക്കി തീർക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. തുടർന്നാണ് റെജിൻസ് പൊലീസിന്റെ അയഞ്ഞ സമീപനത്തിനെതിരെ സിറ്റി പൊലീസ് കമ്മിഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. തനിക്കുണ്ടായ ദുരനുഭവം റെജിൻസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ഓഗസ്റ്റ് ഒൻപതിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇത് വലിയ ചർച്ചയാവുകയും ചെയ്തതോടെയാണ് തൃക്കാക്കര പൊലീസ് പുതിയ കേസ് റജിസ്റ്റർ ചെയ്തത്. പൊലീസുകാരനെ ആക്രമിച്ചു പരുക്കേൽപ്പിച്ചിട്ടു പോലും പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയത് പൊലീസുകാർക്കിടയിൽ പോലും അതൃപ്തിയുണ്ടാക്കിയതോടെയാണ് അൻസാറിനെ കസ്റ്റഡിയിലെടുത്തതും.
Fashion ⏭️


