SPORTS

പടിക്കലിനെ വരെ പന്തേൽപ്പിച്ച് തിലക് വർമ, എന്നിട്ടും രക്ഷയില്ല; കന്നി ഇരട്ടസെഞ്ചറിയുമായി ഇഷാൻ കിഷന്റെ കുതിപ്പ്


ചെന്നൈ ∙ ദുലീപ് ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ഫൈനലിൽ ഈസ്റ്റ് സോൺ ക്യാപ്റ്റൻ ഇഷാൻ കിഷന് ഇരട്ട സെഞ്ചറി. സൗത്ത് സോണിനെതിരായ മത്സരത്തിന്റെ രണ്ടാം ദിനത്തിന്റെ രണ്ടാം സെഷനിലാണ് ഇഷാൻ കിഷൻ ഫസ്റ്റ് ക്ലാസ് കരിയറിലെ ആദ്യ ഡബിൾ സെഞ്ചറി നേടിയത്. 269 പന്തിൽനിന്ന് 26 ഫോറുകളുടെയും രണ്ടു സിക്സുകളുടെയും അകമ്പടിയോടെയാണ് താരത്തിന്റെ നേട്ടം.ആദ്യ ദിനം മിന്നും തുടക്കം ബാറ്റിങ്ങിന് അനുകൂലമായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ചിൽ, മിന്നും തുടക്കമാണ് ഈസ്റ്റ് സോണിന് ആദ്യദിനം ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 88 പന്തിൽ 100 റൺസ് ചേർത്ത വൈഭവ് സൂര്യവംശി (37 പന്തിൽ 44)– അഭിമന്യു ഈശ്വരൻ (86 പന്തിൽ 72) സഖ്യം കിഴക്കൻ മേഖലയുടെ അടിത്തറ ഭദ്രമാക്കി. പതിനഞ്ചുകാരൻ വൈഭവ് ട്വന്റി20 ശൈലിയിൽ ബാറ്റ് വീശിയതോടെ 5 ഫീൽഡർമാരെയാണ് തുടക്കം മുതൽ സൗത്ത് സോൺ ക്യാപ്റ്റൻ തിലക് വർമ ബൗണ്ടറി ലൈനിൽ നിയോഗിച്ചത്. അർധ സെഞ്ചറിയിലേക്ക് കുതിച്ച വൈഭവിനെ വീഴ്ത്തിയ ചാമ വി.മിലിന്ദാണ് ദക്ഷിണ മേഖലയ്ക്ക് ബ്രേക്‌ത്രൂ നൽകിയത്. 37 പന്തിൽ ഒരു സിക്സും 5 ഫോറും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്സ്.സൗത്ത് സോണിനായി മിലിന്ദ് രണ്ടും ത്രിപുരാന വിജയ് ഒരു വിക്കറ്റും നേടി. സീനിയർ പേസർ മുഹമ്മദ് സിറാജിനും മലയാളി പേസർ എം.ഡി.നിധീഷിനും ആദ്യ ദിനം വിക്കറ്റ് നേടാൻ സാധിച്ചില്ല.


Auto ⏭️

Back to top button