BUSINESS

റഷ്യൻ എകെ-203 റൈഫിൾ ഇന്ത്യയിൽ നിർമിക്കും; വെടിമരുന്ന് അദാനി നൽകും, ‘ആത്മനിർഭർ’ കരുത്തുമായി ഇന്ത്യ


ഇന്ത്യയിൽ നിർമിക്കുന്ന എകെ-203 റഷ്യൻ അസോൾട്ട് റൈഫിളിനുള്ള തിരകൾ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് നിർമിച്ചുനൽകും. ഇതു സംബന്ധിച്ച 5 വർഷത്തെ കരാറിൽ അദാനി ഡിഫൻസും റൈഫിളുകൾ നിർമിക്കുന്ന ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡും (ഐആർആർപിഎൽ) തമ്മിൽ ഒപ്പുവച്ചു.ഇന്ത്യ-റഷ്യ സർക്കാരുകൾ തമ്മിലെ ഉഭയകക്ഷി ധാരണപ്രകാരം 2019ലാണ് ഐആർആർപിഎൽ സ്ഥാപിതമായത്. ഇന്ത്യൻ കരസേനയ്ക്കായി എകെ-203 നിർമിക്കാനാണിത്. ഇന്ത്യൻ കമ്പനികളായ അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്മെന്റ് ഇന്ത്യ, മ്യൂണിഷൻസ് ഇന്ത്യ എന്നിവയും റഷ്യൻ കമ്പനികളായ കൺസേൺ കലാഷ്നികോവ്, റോസോബോറോൺ എക്സ്പോർട്ട് എന്നിവയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഐആർആർപിഎൽ.ഉത്തർപ്രദേശിലെ അമേഠി ജില്ലയിൽ കോർവയിലാണ് കമ്പനിയുടെ ഫാക്ടറി. 6.01 ലക്ഷം എകെ-203ന് വേണ്ടി 2021ലാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഐആർആർപിഎലിന് കരാർ നൽകിയത്. പ്രതിരോധ ശേഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ‘ആത്മനിർഭർ’ ലക്ഷ്യത്തിന്റെ ഭാഗമായി മുന്തിയപങ്കും പ്രാദേശിക ഘടകങ്ങൾ ഉപയോഗിച്ചാണ് എകെ-203ന്റെ നിർമാണം. കാൺപുരിലാണ് അദാനി ഡിഫൻസിന്റെ ഫാക്ടറി. കേന്ദ്രസർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ക്യാംപെയ്നും കരുത്തേകുന്നതാണ് പദ്ധതി.


Travel ⏭️

Back to top button