TRAVEL

‘ഉമ്മയുടെയും ടീച്ചർമാരുടെയും നിലവിളികൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു’


ഇന്ന് അധ്യാപക ദിനം. പാങ്ങ് ഗവ. എൽ.പി. സ്‌കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇതൊരു ആഘോഷദിനം മാത്രമല്ല; വലിയൊരു നോവിന്റെയും കണ്ണീരിന്റെയും ഓർമപ്പെടുത്തൽ കൂടിയാണ്. അക്ഷരങ്ങൾ പഠിപ്പിച്ച, എന്നും ചേർത്തുപിടിച്ച പ്രിയപ്പെട്ട അധ്യാപകർ…കഴിഞ്ഞവർഷം വരെ ഒരുമിച്ച് അധ്യാപകദിനം ആഘോഷിച്ച സഹപ്രവർത്തകർ ഇന്ന് അവർക്കൊപ്പമില്ല. കൂടെ, ആ ഗുരുക്കന്മാർക്കും കുഞ്ഞുമക്കൾക്കും അന്നം വിളമ്പിയിരുന്ന സ്നേഹനിധിയായ സാജിദയും.കഴിഞ്ഞ ഏപ്രിലിൽ വാൽപ്പാറയിലെ കൊടുംവളവിൽ സംഭവിച്ച ബസ് അപകടം ഒരു ഗ്രാമത്തിന്റെ മുഴുവൻ കണ്ണീരായി മാറുകയായിരുന്നു. ആ വലിയ ദുരന്തത്തിൽ പാങ്ങ് ഗവ.എൽ.പി. സ്‌കൂളിന് നഷ്ടമായത് തങ്ങളുടെ പ്രിയപ്പെട്ട ആറ് അധ്യാപകരെയും സ്‌കൂളിലെ പാചകക്കാരിയായിരുന്ന സാജിദയെയുമാണ്. എന്നാൽ ആ മരണവക്കിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു പന്ത്രണ്ടുകാരനുണ്ട്; സാജിദയുടെ മകൻ ഷഹദിൻ. അരയ്ക്കുതാഴെ തളർന്നുപോയിട്ടും തോറ്റുകൊടുക്കാത്ത ആത്മവിശ്വാസവുമായി അവൻ ജീവിതം തിരിച്ചുപിടിക്കുകയാണ്.അധ്യാപകദിനത്തിൽ പ്രിയപ്പെട്ട ഗുരുക്കന്മാരെയും ഉമ്മയെയും ഓർക്കാതിരിക്കാനാവില്ല ഷഹദിന്. ആടിയും പാടിയും സന്തോഷത്തോടെ പോയ വിനോദയാത്രയിലെ പല കാര്യങ്ങളും അവന്റെ ഓർമയിൽ നിന്ന് മാഞ്ഞുപോയെങ്കിലും ഉമ്മയുടെയും അധ്യാപകരുടെയും നിലവിളികൾ ഇന്നും അവന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്.മായില്ല, ആ മുഖങ്ങൾ… “നാലാം ക്ലാസുവരെ പാങ്ങ് ഗവ. എൽ.പി. സ്‌കൂളിലാണ് ഞാനും പഠിച്ചത്. ഉമ്മയും ഞാനും ഒന്നിച്ചായിരുന്നു സ്‌കൂളിൽ പോയിരുന്നത്. അന്നും ഉമ്മയുടെ കൈപിടിച്ചാണ് ഞാൻ പോയത്. വെറുതെയൊരു ടൂർ… അന്ന് നടന്ന എല്ലാ കാര്യങ്ങളും ഇപ്പോൾ ഓർമയില്ലെങ്കിലും അപകടത്തിന്റെ ഭീകരത എന്റെ ഉള്ളിലുണ്ട്.ഏപ്രിൽ 17-ാം തീയതിയായിരുന്നു ഞങ്ങൾ യാത്ര പോയത്. വാൽപ്പാറയിലെ ഒരു വളവ് കഴിഞ്ഞ് വരികയായിരുന്നു. പതിനാലാമത്തെ ഹെയർപിൻ വളവ് തിരിയുമ്പോൾ പൊടി കാരണം വണ്ടി ഡ്രിഫ്റ്റായി നേരെ പോയി. അപ്പോൾ ബ്രേക്ക് ആണെന്ന് കരുതി ഡ്രൈവർ ആക്സിലറേറ്റർ ചവിട്ടി. വണ്ടി നേരെ മുന്നോട്ടുപോയി മറിഞ്ഞു, അതാണുണ്ടായത്.കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ അഞ്ച് ദിവസം ഐ.സി.യുവിലായിരുന്നു ഞാൻ. തുടർന്ന് സർജറിക്കായി കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലിലേക്ക് മാറ്റി. മൂന്നാഴ്ചയോളം അവിടെ കിടന്നു. പിന്നീട് നാട്ടിലെ ഇ.എം.എസ് ഹോസ്പിറ്റലിലേക്കും അവിടെനിന്ന് വീട്ടിലേക്കും കൊണ്ടുവന്നു. പിന്നീടാണ് ഫിസിയോതെറാപ്പി സെന്ററിൽ ചികിത്സ തുടങ്ങിയത്.


Sports ⏭️

Back to top button