NEWS
പത്തനംതിട്ടയിലെ 7 വില്ലേജുകളിൽ റോഡിന്റെ വീതി പോലും ഇനി കൂട്ടാൻ കഴിയില്ല; ആശങ്കയിൽ ജനങ്ങൾ

റാന്നി ∙ പഞ്ചായത്ത് ഭരണസമിതികളും ഉമ്മൻ വി.ഉമ്മൻ കമ്മിഷനും നൽകിയ റിപ്പോർട്ടുകൾ അവഗണിച്ചാണു ജില്ലയിലെ 7 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തിയത്. ജനവാസ കേന്ദ്രങ്ങളെ പരിധിയിൽ നിന്നൊഴിവാക്കിയിട്ടുണ്ടെന്നു പറയുമ്പോഴും ജനങ്ങളിൽ ആശങ്ക നിലനിൽക്കുകയാണ്. റാന്നി താലൂക്കിലെ കൊല്ലമുള പെരുനാട്, വടശേരിക്കര, കോന്നിയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം എന്നീ വില്ലേജുകളാണ് പരിസ്ഥിതി ലോല പട്ടികയിൽ ഇടം പിടിച്ചത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇതുസംബന്ധിച്ചു വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണു വിശദമായ പഠനം നടത്താൻ ഉമ്മൻ വി.ഉമ്മന്റെ നേതൃത്വത്തിൽ കമ്മിഷനെ നിയോഗിച്ചത്. ജനകീയ പങ്കാളിത്തത്തോടെയാണു ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി പഞ്ചായത്ത് ഭരണസമിതികൾ പരിധി നിർണയിച്ചത്. കേന്ദ്ര സർക്കാരും പരിസ്ഥിതി മന്ത്രാലയവും ഇതു തത്വത്തിൽ അംഗീകരിച്ചിരുന്നു. അന്തിമ പട്ടിക പുറത്തിറക്കാതെ ജനങ്ങളെ ആശങ്കയിലാക്കുകയാണു തുടരെ ഇറക്കുന്ന പുതിയ ഉത്തരവുകൾ.പരിസ്ഥിതി ലോല മേഖലയിലെ പ്രശ്നങ്ങൾ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഖനനം നടത്താനാകില്ല. എന്നാൽ വീടുകളുടെ അറ്റകുറ്റപ്പണികൾക്കും വ്യക്തിഗത ഉപയോഗത്തിനും ഭവന നിർമാണത്തിനും ഓടുകളും ഇഷ്ടികകളും നിർമിക്കുന്നതിന് ഭൂമി കുഴിക്കുന്നതിനു തടസ്സമില്ല. മരമില്ലുകളുടെ പ്രവർത്തനത്തിനു നിരോധനം പ്രാബല്യത്തിൽ വരും. ജല, വായു, മണ്ണ്, ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങൾ നിരോധിക്കും. വിറകിന്റെ വ്യാവസായിക ഉപയോഗം നിരോധിക്കും. എന്നാൽ ഹോട്ടലുകൾ പോലുള്ള കച്ചവട സ്ഥാപനങ്ങളെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൻകിട ജലവൈദ്യുത പദ്ധതികൾ നിർമിക്കാനാകില്ല.അപകടകരമായ വസ്തുക്കളുടെ നിർമാണവും ഉപയോഗവും (പെട്രോളിയം ഉൽപന്നങ്ങൾ, ആസിഡ്, കീടനാശിനികൾ തുടങ്ങിയവ) നിയന്ത്രിക്കും.
Fashion ⏭️


