NEWS
മെസ്സിയുടെ പേരിൽ തട്ടിപ്പ്: ആദ്യ യോഗം ചേർന്ന് എസ്ഐടി; സംഘം വിപുലീകരിക്കും

തിരുവനന്തപുരം∙ ലയണല്‍ മെസിയെയും അര്‍ജന്റീന ദേശീയ ടീമിനെയും കേരളത്തില്‍ എത്തിക്കുന്നതിന്റെ പേരില്‍ നടന്ന തട്ടിപ്പുകളില്‍ അന്വേഷണം ത്വരിതഗതിയിലാക്കാന്‍ എസ്ഐടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്റെ നേതൃത്വത്തില്‍ സംഘം ഇന്ന് യോഗം ചേര്‍ന്നു. ചൊവ്വാഴ്ച രാത്രിയാണ് എസ്ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഇന്റലിജന്‍സ് വിഭാഗം ഐജി സതീഷ് ബിനോ, ക്രൈംബ്രാഞ്ച് എസ്പി പി.വിക്രമന്, ഡിവൈഎസ്പിമാരായ മാത്യു, പി.എല്‍.ഷൈജു എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. അന്വേഷണ വിഷയങ്ങള്‍ സംബന്ധിച്ച് സംഘം പ്രാഥമിക ധാരണയിലെത്തി. കായിക വകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം തുടക്കത്തില്‍ വിശദമായി പരിശോധിക്കും. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകള്‍ക്ക് അനുബന്ധമായ തെളിവുകള്‍ ശേഖരിക്കും. ഇതിനുശേഷം വിജിലന്‍സ് ഉള്‍പ്പെടെ മറ്റു അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി എസ്ഐടി വിപുലീകരിക്കും. അര്‍ജന്റീന ഇടപാടില്‍ സ്പോണ്‍സറെ തിരഞ്ഞെടുത്തത് എങ്ങനെ, സ്വകാര്യ കമ്പനിക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വഴിവിട്ട സഹായങ്ങള്‍ ലഭിച്ചോ, ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകളിലെ സുതാര്യത, കലൂര്‍ സ്റ്റേഡിയം കൈമാറ്റത്തിനു പിന്നില്‍ നടന്ന ക്രമക്കേടുകള്‍, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗം, മുന്‍ കായിക മന്ത്രി വി.അബ്ദുറഹിമാന്റെ സ്പെയിന് സന്ദര്‍ശനം എന്നിവയില്‍ വിശദമായ അന്വേഷണം വേണമെന്ന് എസ്ഐടി രൂപീകരിച്ചുള്ള ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Fashion ⏭️


