CINEMA

‘പനിയും ജലദോഷവും ഉണ്ടായിട്ടും ആ രംഗം ഗംഭീരമാക്കി; ടേക്ക് പറഞ്ഞാൽ മോഹൻലാലിൽ സംഭവിക്കുന്നത് മറ്റൊരു മാറ്റം’


പ്രസന്ന മാസ്റ്റർ,മോഹൻലാൽ

മലയാളികളുടെ ഇഷ്ട ഗാനങ്ങളിൽ ഇന്നും സൂപ്പർ ഹിറ്റായി തുടരുന്ന പാട്ടാണ് 2001ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കാക്കക്കുയിൽ’ എന്ന ചിത്രത്തിലെ ‘ഗോവിന്ദാ ഗോവിന്ദാ…’ ഒരു പ്രത്യേക ഫാൻ ബേസ് തന്നെ ഈ പാട്ടിനുണ്ട്. മോഹൻലാലിന്റെ വേറിട്ട പ്രകടനവും ഗാനത്തിന്റെ താളവും കൂടി ചേർന്നപ്പോൾ പാട്ട് ജനപ്രിയമായി. ഇപ്പോഴിതാ പാട്ട് ചിത്രീകരിക്കുന്നതിനിടെ മോഹൻലാൽ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയാണ് ഗാന രംഗങ്ങൾ കൊറിയോഗ്രാഫ് ചെയ്ത പ്രസന്ന മാസ്റ്റർ.

ചിത്രീകരണത്തിനിടെ കടുത്ത പനിയും , ‌ഡസ്റ്റ് അലർജിയെയും തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും മോഹൻലാൽ ഗാനരംഗത്തിൽ മികച്ച രീതിയിൽ പെർഫോം ചെയ്തുവെന്നാണ് അദ്ദേഹം പറയുന്നത്. ‘പോർട്രെ‌യ്‌ട്‌സ് ബൈ ഗദ്ദാഫി’ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് പ്രസന്ന മാസ്റ്റർ ഷൂട്ടിംഗിനിടെയുണ്ടായ അനുഭവങ്ങൾ പങ്കുവച്ചത്.

മോഹൻലാലിന്റെ ഫ്‌ളെക്സിബിലിറ്റിയെ കുറിച്ചും പ്രസന്ന മാസ്റ്റർ മനസ് തുറന്നു. ശരീരഘടന വലുതായി തോന്നുമെങ്കിലും അതിനൊത്ത വഴക്കവും ശക്തിയും അദ്ദേഹത്തിനുണ്ടെന്നാണ് മാസ്റ്ററുടെ വിലയിരുത്തൽ. ചിത്രീകരണ ദിവസങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം മോഹൻലാൽ അക്യുപങ്ചർ ചികിത്സയും സ്വീകരിച്ചിരുന്നു. ഡസ്റ്റ് അലർജിയെത്തുടർന്ന് വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും അതൊന്നും ഗാനത്തിന്റെ ചിത്രീകരണത്തെ ബാധിക്കാൻ അദ്ദേഹം അനുവദിച്ചില്ല. കടുത്ത ക്ഷീണത്തിലായിരുന്നപ്പോഴും ക്യാമറയ്ക്ക് മുന്നിൽ എത്തിയാൽ മോഹൻലാലിൽ പ്രകടമായ മാറ്റം കാണാമായിരുന്നുവെന്നും പ്രസന്ന മാസ്റ്റർ പറയുന്നു.

‘ടേക്ക്’ എന്ന് പറയുന്ന നിമിഷം തന്നെ അദ്ദേഹം കഥാപാത്രത്തിലേക്കും പെർഫോമൻസിലേക്കും പൂർണമായി മാറുമായിരുന്നു. ഗാനരംഗത്തിൽ ശ്വേത മേനോനെ ഉൾപ്പെടുത്തിയത് സംവിധായകൻ പ്രിയദർശന്റെ ആശയമായിരുന്നുവെന്നും മാസ്റ്റർ വെളിപ്പെടുത്തി. ഏകദേശം മൂന്ന് ദിവസമെടുത്താണ് ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Business ⏭️

Back to top button