NEWS
ആദ്യം ശ്രമിച്ചത് ജയലളിത, പിന്നെ കരുണാനിധി; തമിഴ്നാട്ടിൽ പുതിയ കോട്ട കെട്ടാൻ വിജയ്ക്ക് കഴിയുമോ?

ചെന്നൈ ∙ ബ്രിട്ടിഷുകാർ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോട്ടയിൽ നിന്ന് സംസ്ഥാന നിയമസഭയുടെയും സെക്രട്ടേറിയറ്റിന്റെയും പ്രവർത്തനങ്ങൾ മാറ്റാനുറച്ച് സി.ജോസഫ് വിജയിന്റെ ടിവികെ സർക്കാർ. മുൻ മുഖ്യമന്ത്രിമാരായിരുന്ന ജെ.ജയലളിതയും എം.കരുണാനിധിയും അടക്കമുള്ളവർ ഇതിന് ഒരുങ്ങിയെങ്കിലും പരാജയപ്പെട്ടിരുന്നു. 1,200 കോടി രൂപ ചെലവിൽ നഗരത്തിൽ പുതിയ നിയമസഭാ, സെക്രട്ടേറിയറ്റ് മന്ദിര സമുച്ചയം നിർമിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. തിരക്കും സ്ഥലപരിമിതിയും മൂലം വീർപ്പുമുട്ടുന്ന സെക്രട്ടേറിയറ്റ്, നിയമസഭാ മന്ദിരങ്ങൾ മാറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച് വർഷങ്ങളായി നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്ക് ഇനിയെങ്കിലും അറുതിയുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.നിയന്ത്രണം പട്ടാളത്തിന് 1639ൽ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച സെന്റ് ജോർജ് കോട്ട നിലവിൽ ഇന്ത്യൻ കരസേനയുടെ നിയന്ത്രണത്തിലാണ്. കരസേനയുടെ ചില പ്രധാന ഓഫിസുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മുൻ ഭാഗത്തെ പ്രധാന കെട്ടിടം അടക്കമുള്ള ഭാഗത്ത് സംസ്ഥാന നിയമസഭയും സെക്രട്ടേറിയറ്റും പ്രവർത്തിക്കുന്നു. കോട്ടയ്ക്കുള്ളിലെ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളും മ്യൂസിയവും രാജ്യത്തെ ഏറ്റവും പഴക്കമേറിയ ആംഗ്ലിക്കൻ പള്ളിയായ സെന്റ് മേരീസ് ചർച്ചും അടക്കമുള്ളവയുടെ പരിപാലനച്ചുമതല പുരാവസ്തു വകുപ്പിനാണ്.ഇതേത്തുടർന്ന് കോട്ടൂർപുരത്ത് പുതിയ മന്ദിരം നിർമിക്കാനായി ജയലളിതയുടെ ശ്രമം. അണ്ണാ സർവകലാശാലയോടു ചേർന്നുള്ള 43.2 ഏക്കർ സ്ഥലം ഇതിനായി കണ്ടെത്തുകയും 2003 ഒക്ടോബറിൽ ജയലളിതയുടെ നേതൃത്വത്തിൽ ഇവിടെ ഭൂമിപൂജ നടത്തുകയും ചെയ്തെങ്കിലും നിയമ നടപടികളും പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പും വിഘാതമായി. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പുതിയ നിയമസഭാ മന്ദിരം നിർമിക്കാനുള്ള നീക്കത്തിൽ നിന്നു ജയലളിത പിന്മാറുകയായിരുന്നു. പിന്നീടു വന്ന ഡിഎംകെ സർക്കാർ അണ്ണാ സെന്റിനറി ലൈബ്രറി സ്ഥാപിച്ചത് ഈ സ്ഥലത്താണെന്നതും ശ്രദ്ധേയമാണ്.
Fashion ⏭️


