‘പ്രതിപക്ഷ ഉപനേതൃപദവിയിലെ തർക്കം മുന്നണിയിലെ കെട്ടുറപ്പ് തകർക്കുന്നു’; തുറന്നടിച്ച് ജോസ് കെ മാണി

ജോസ് കെ മാണി
തൃശൂർ: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ സിപിഎം-സിപിഐ തർക്കം ഇടത് മുന്നണിയിലെ കെട്ടുറപ്പിനെ ബാധിക്കുന്നതായി കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ചർച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് പറയുന്ന ബിനോയ് വിശ്വം, ത്യാഗം ചെയ്യുന്നതുകൊണ്ടാണ് സിപിഐ ഇടതുമുന്നണിയിൽ തുടരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രതിപക്ഷ ഉപനേതൃ പദവിയിൽ ഇതുവരെ നടത്തിയ ചർച്ചകളിലൊന്നും ഒരു തീരുമാനമായിട്ടില്ല. പദവി ഒഴിച്ചിടുന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. നിർദ്ദേശം വന്നാൽ സംസ്ഥാന കമ്മിറ്റി ചേർന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പാർട്ടികളുടെയും സംസ്ഥാന നേതൃത്വം ഇക്കാര്യം ചർച്ച ചെയ്തേക്കും. ഇതിനുശേഷമാകും തീരുമാനത്തിലേക്ക് എത്തുക. സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശാല സംസ്ഥാന സമിതി ചേരുന്നുണ്ട്. അതിനു ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക.
തർക്കം തുടരുന്നത് മുന്നണിക്കും പാർട്ടിക്കും ഗുണം ചെയ്യില്ലെന്നാണ് സി.പി.എം ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. പദവി വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് സി.പി.എമ്മും വിട്ടുവീഴ്ചയില്ലെന്ന് സി.പി.ഐയും പരസ്യനിലപാട് എടുത്ത സാഹചര്യത്തിൽ ഇനി എന്ത് എന്നുള്ളതായിരുന്നു ദേശീയ നേതൃത്വങ്ങൾ ആലോചിച്ചത്. പരസ്യ പ്രതികരണങ്ങളിലൂടെ രണ്ടു പാർട്ടികളുടെയും അഭിമാന പ്രശ്നമായി ഇതു മാറി. ഈ സാഹചര്യത്തിലാണ് ഉപനേതാവ് പദവി തന്നെ വേണ്ടെന്നു വയ്ക്കുകയാണ് ഉചിതമെന്ന ധാരണയിലേക്ക് എത്തിയത്.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ഇക്കാര്യം ചർച്ച ചെയ്യും. സി.പി.ഐ സെക്രട്ടേറിയറ്റും കൗൺസിലും ഈ വിഷയത്തിൽ ചർച്ച നടത്തും. മുന്നണിയിലെ മറ്റു ഘടകകക്ഷികൾ തർക്കം തുടരുന്നതിൽ അതൃപ്തി അറിയിച്ചിരുന്നു. പരസ്യപ്രതികരണങ്ങൾ മുന്നണി ബന്ധത്തെ ദുർബലമാക്കിയെന്നാണ് മുന്നണി നേതൃത്വത്തിന്റെയും വിലയിരുത്തൽ.


