NEWS

കൊച്ചി മെട്രോ മൂന്നാം ഘട്ടം; ലക്ഷ്യം ബഹുമുഖ ഗതാഗത ശൃംഖല, 15 സ്റ്റേഷനുകൾ


കൊച്ചി ∙ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം തൊട്ട് അങ്കമാലിയിലേക്ക് നീളുന്ന കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട വികസനത്തിൽ ലക്ഷ്യമിടുന്നത് വിമാനത്താവളം, റെയിൽവേ, മെട്രോ, ദേശീയപാത എന്നിവയെ ഒന്നിച്ചു ചേർക്കുന്ന ബഹുമുഖ ഗതാഗത ശൃംഖല. വിമാനത്താവളത്തെ കേന്ദ്രീകരിച്ച് ആലുവ മുതൽ അങ്കമാലി കരിയംപറമ്പ് വരെ 17.5 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്നതിനുള്ള വിശദ പദ്ധതിരേഖയാണ് കെഎംആർഎൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ചിട്ടുള്ളത്. വിമാനത്താവളത്തിൽ ഉൾപ്പെടെ 15 സ്റ്റേഷനുകളാണ് മൂന്നാം ഘട്ട പാതയിൽ വിഭാവനം ചെയ്തിരിക്കുന്നത്.വിമാനത്താവളത്തിലെ രാജ്യാന്തര-ആഭ്യന്തര ടെർമിനലുകൾക്കിടയിൽ താജ് ഹോട്ടലിനു മുന്നിലുള്ള സിയാലിന്റെ 20 സെന്റ് ഭൂമിയിലാണ് പ്രധാന മെട്രോ സ്റ്റേഷനു സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഇവിടെ നിന്ന് ടെർമിനലുകളിലേക്ക് നേരിട്ടെത്താൻ എസ്കലേറ്ററുകളും ലിഫ്റ്റുകളും ഉണ്ടാകും. മറ്റൊരു പ്രധാന സ്റ്റേഷൻ നിലവിൽ നിർമാണം നടക്കുന്ന റെയിൽവേയുടെ നെടുമ്പാശേരി സ്റ്റേഷനു സമീപമാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങുന്ന യാത്രക്കാർക്ക് ലിഫ്റ്റുകൾ, പെഡസ്ട്രിയൻ ഓവർപാസ് സൗകര്യങ്ങൾ വഴി എളുപ്പത്തിൽ മെട്രോയിലേക്കും അതുവഴി വിമാനത്താവള സ്റ്റേഷനിലുമെത്താം. അതേസമയം, നിർമാണച്ചെലവും ഭൂമി ഏറ്റെടുക്കൽ തുകയും വർധിപ്പിക്കുമെന്നതിനാൽ അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് മെട്രോ എത്തില്ല. മൂന്നാം ഘട്ടത്തിൽ നെടുമ്പാശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നത് കൂടി പരിഗണിച്ച് അങ്കമാലി റെയിൽവേ സ്റ്റേഷൻ അലൈൻമെന്റിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.


Fashion ⏭️

Back to top button