BUSINESS
മൊബൈൽ ഫോണിന് വില ഇടിയും? ജിഎസ്ടി സ്ലാബ് മാറ്റിയേക്കും, നിർണായക കൗൺസിൽ യോഗം സെപ്റ്റംബർ 12ന്

ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെ വില വൈകാതെ കുത്തനെ കുറഞ്ഞേക്കും. നിലവിൽ 18 ശതമാനമാണ് മൊബൈൽ ഫോണുകൾക്ക് ജിഎസ്ടി. സെപ്റ്റംബർ 12ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന ജിഎസ്ടി കൗൺസിലിൽ 25,000 രൂപവരെയുള്ള ഫോണുകളുടെ ജിഎസ്ടി 5 ശതമാനമായി കുറച്ചേക്കും. കനത്ത വിലക്കയറ്റത്തെ തുടർന്ന് കഴിഞ്ഞമാസങ്ങളിൽ സമ്മർദം നേരിട്ട മൊബൈൽ ഫോൺ വിപണിക്കും ഉപഭോക്താക്കൾക്കും ഇത് വലിയ നേട്ടമായേക്കും.ആഗോള പ്രതിസന്ധിയെ തുടർന്ന്, മെമ്മറി ചിപ്പുകളുടെ വില കൂടിയതിനാൽ ഫോണുകളുടെ വില കൂട്ടാൻ കമ്പനികൾ നിർബന്ധിതരായിരുന്നു. 500 രൂപ മുതൽ 12,000 രൂപവരെയാണ് വിവിധ മോഡലുകൾക്ക് വില ഉയർന്നത്. ഇതോടെ ഈ വർഷം ജനുവരി-മാർച്ചിൽ സ്മാർട്ഫോൺ വിൽപന 7.9% നഷ്ടം നേരിട്ടു. ഏപ്രിൽ-ജൂണിൽ നഷ്ടം 11.1 ശതമാനമായി കൂടി. ഈ പശ്ചാത്തലത്തിലാണ് ഫോണുകളുടെ ജിഎസ്ടി കുറയ്ക്കാനുള്ള നീക്കം. അതേസമയം, ജിഎസ്ടി കൗൺസിലിന്റെ അജൻഡ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.2.5 ലക്ഷം രൂപവരെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ക്ലെയിം ചെയ്യുന്ന കമ്പനികളുടെ ജിഎസ്ടി റജിസ്ട്രേഷൻ ചട്ടങ്ങൾ പരിഷ്കരിക്കുന്നതും കൗൺസിൽ ചർച്ച ചെയ്തേക്കും. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ഇതിനുമുൻപ് ജിഎസ്ടി കൗൺസിൽ യോഗം ചേർന്നത്. ജിഎസ്ടി 2.0 അവതരിപ്പിക്കുകയും സ്ലാബ് ഘടന മൊത്തത്തിൽ പൊളിച്ചെഴുതുകയും ചെയ്തത് ആ യോഗത്തിലായിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെയായിരുന്നു 2017ൽ ജിഎസ്ടി അവതരിപ്പിച്ചതു മുതൽ സ്ലാബുകൾ. കഴിഞ്ഞവർഷത്തെ യോഗത്തിൽ 12%, 28% സ്ലാബുകൾ എടുത്തുകളഞ്ഞു. ഈ സ്ലാബുകളിലെ ഉൽപന്ന/സേവനങ്ങളെ 5%, 18% സ്ലാബുകളിലേക്കു മാറ്റി. 28% സ്ലാബിലുണ്ടായിരുന്ന ആഡംബര സേവനങ്ങൾ/ഉൽപന്നങ്ങൾ എന്നിവയെയും ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട സിഗരറ്റ് പോലുള്ള ഉൽപന്നങ്ങളെയും 40% എന്ന പ്രത്യേക സ്ലാബിലേക്കും മാറ്റി.
Travel ⏭️


