NEWS
സമയക്രമം പാലിക്കാതെ ബാറുകൾ, മൗനാനുവാദം നൽകി ഉദ്യോഗസ്ഥർ; എക്‌സൈസ് കമ്മിഷണർ നേരിട്ടെത്തി പരിശോധന

കോട്ടയം ∙ തിരുവനന്തപുരത്തുനിന്ന് നേരിട്ടെത്തി എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവ റാവു നടത്തിയ അന്വേഷണത്തിൽ കോട്ടയത്തെ വിവിധ ബാറുകളിൽ നടക്കുന്ന ക്രമക്കേടുകളിൽ ഡപ്യൂട്ടി കമ്മിഷനർക്ക് പങ്കുള്ളതായി കണ്ടെത്തി. ജില്ലയിലെ ബാറുകൾ നേരത്തേ തുറക്കുന്നതിനും താമസിച്ച് അടയ്ക്കുന്നതിനും ഡപ്യൂട്ടി കമ്മിഷനർ എസ്. അശോക് കുമാർ മൗനാനുവാദം നൽകിയിരുന്നെന്നും ബാറുകളിൽ പരിശോധന നടത്തുന്നതിനു ഉദ്യോഗസ്ഥരെ വിലക്കിയെന്നതിനുള്ള തെളിവുകളും എക്‌സൈസ് കമ്മിഷണർക്കു ലഭിച്ചു. അതേസമയം യൂണിഫോം ഇല്ലാതെ ബാറുടമകളെ അശോക് കുമാർ കാണുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ജില്ലയിലെ 27 ബാറുകളിൽനിന്നും പണം എക്സൈസ് ഉദ്യോഗസ്ഥനു ലഭിച്ചിരുന്നതായും പണം പിരിച്ചു നൽകാൻ ചില ബാറുടമകൾ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നും എക്‌സൈസ് കമ്മിഷണർ കണ്ടെത്തി. ഉദ്യോഗസ്ഥന്റെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കാണ് ബാറുടമകൾ പണം അയച്ചിരുന്നത്. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ സാംബശിവ റാവു എക്സൈസ് മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കോട്ടയത്ത് ഹോട്ടലിൽ രണ്ട് ദിവസം മുറിയെടുത്ത് താമസിച്ചാണ് സാംബശിവ റാവു അന്വേഷണം നടത്തിയത്.
Fashion ⏭️


