ബെത്‌ലഹേം സൂപ്പർ യൂണിറ്റ്

മലയാള സിനിമയിൽ പുതുചരിത്രം എഴുതുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഓണം റിലീസായി എത്തി പുതു റെക്കോർഡുകളുടെ കുതിപ്പ് ഒാണം കഴിഞ്ഞും ബെത്‌ലഹേം തുടരുന്നു. മൂന്ന് ദിവസം കൊണ്ട് ബോക്സ് ഓഫീസിൽ 60 കോടി കിലുക്കി. അത് 200 കോടി കടക്കാൻ ഒരുങ്ങുന്നു. നിവിൻ പോളിയും മമിത ബൈജുവും ഒരുമിച്ച ബെത്‌ലഹേം കുടുംബ യൂണിറ്റ് 2026ൽ മലയാള സിനിമ കണ്ട ഏറ്റവും വലിയ ബ്ളോക് ബസ്റ്ററായി മാറുന്ന കാഴ്ച.
പ്രേമലുവിനുശേഷം ഭാവന സ്റ്റുഡിയോസുമായി കൈകോർത്ത സംവിധായകൻ ഗിരീഷ് എ.ഡി. ഒരുക്കിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് റോം, കോം ജോണറിൽ കുടുംബ കഥ പറയുന്നു. പ്രേമലുവിന്റെ ബ്ളോക് ബസ്റ്റർ വിജയകഥയെ പഴങ്കഥയാക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. കേരളത്തിൽ 571 സ്‌ക്രീനുകളിലാണ് പ്രദർശനം. ഒരു ദിവസം 5790 പ്രദർശനങ്ങൾ. എന്നാൽ ഓണത്തോടനുബന്ധിച്ച് പല തിയേറ്ററുകളിലും ഷോകളുടെ എണ്ണം കൂടിയതിനാൽ കോടിക്കിലുക്കം ഇനിയും ഉയർന്നേക്കാം.
നിവിന്റെ സ്ക്രീൻ പ്രേമം – മമിതയുടെ ചാം
ആദ്യമായാണ് നിവിൻ പോളിയും മമിത ബൈജുവും ഒരുമിക്കുന്നതെങ്കിലും എവർഗ്രീൻ താരജോഡികൾ ഇവരായിരിക്കും എന്ന് ഓർമ്മപ്പെടുത്തുകയാണ് ജസ്റ്റിനും ആഷ്‌ലിയും അവരുടെ കുടുംബ യൂണിറ്റും. വീണ്ടും വീണ്ടും കാണാൻ ആഗ്രഹം തോന്നിപ്പിക്കുന്നതാണ് നിവിൻ പോളിയുടെ ജസ്റ്റിൻ.നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജസ്റ്റിൻ. ‘അച്ചായൻ വേഷങ്ങൾ” അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന രസങ്ങൾ എല്ലാം ജസ്റ്റിനിൽ വന്നു ചേർന്നിട്ടുണ്ട്.നിവിൻപോളിയുടെ സ്‌ക്രീൻ പ്രേമം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
അതിന് ജെൻ സീ പിള്ളേരുടെ ഇടയിലും റീച്ച് ആണ്. മമിതയുടെ നല്ല എനർജിയും ചാമും പ്രേക്ഷകർ ആഷ്‌ലിയിൽ കണ്ടു.കറുകുറ്റിയിലെ ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിൽ ആണ് ഗിരീഷ് എ.ഡിയും തിരക്കഥ പങ്കാളി കിരൺ ജോസിയും ജസ്റ്റിനെയും ആഷ്‌ലിയെയും കണ്ടെത്തിയത്. തന്നേക്കാൾ പത്തുവയസ് കുറഞ്ഞ പെൺകുട്ടിയോട് തോന്നുന്ന പ്രണയം ഇരുവരും പറയാതെ പറയുകയും അവർ ഒരുമിക്കുകയും ചെയ്‌തപ്പോൾ ആ ഒത്തുചേരൽ പ്രേക്ഷകർ ഹൃദയത്തിലേറ്റി.
അതുതന്നെയാണ് ബെത്‌ലഹേമിന്റെ മഹാവിജയം. കുടുംബചിത്രം പ്രതീക്ഷിച്ച് എത്തിയ പ്രേക്ഷകർ ഇമോഷൻ നന്നായി അറിഞ്ഞു. ഇടയ്ക്ക് ചിരിക്കുകയും കൈയടിക്കുകയും ചെയ്തു. മമിത ബൈജുവിന്റെ കരിയറിലെ അഞ്ചാം 100 കോടി ക്ളബ് ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. സർവം മായയിലൂടെ തിരിച്ചുവന്ന നിവിൻപോളി ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ താര സിംഹാസന ഇരുപ്പ് കൂടുതൽ ഉറപ്പിച്ചു. പ്രേമലുവിനു ശേഷം മമിത അഭിനയിക്കുന്ന മലയാള സിനിമ എന്ന നിലയിൽ ബെത്‌ലഹേം കുടുംബ യൂണിറ്റ് റെക്കോർഡുകൾ ഭേദിക്കുമ്പോൾ തിളക്കം ഏറെയാണ്.
സ്റ്റാർട്ട് ,ആക്ഷൻ, അയ്യപ്പ –
സംഗീത് പ്രതാപിന്റെ ജോയൽ, റോഷൻ ഷാനവാസിന്റെ ഗ്ളിക്‌സൺ , വട്ടോളി പ്രകാശിന്റെ അച്ഛൻ, വിനയ് ഫോർട്ടിന്റെ അലക്സ് അങ്കിൾ, ആഷ്‌ലിയുടെ മാതാപിതാക്കൾ. എന്തിന് ഫ്രീയായി ഐസ്‌ക്രീം തിന്നുന്ന കുഞ്ഞനിയൻ വരെ പ്രേക്ഷകരെ ചിരിപ്പിച്ചു . എല്ലാ സഹതാരങ്ങളും കൈയടി നേടി.സുരേഷ് കൃഷ്ണ, ശ്യാം മോഹൻ, ബിന്ദുപണിക്കർ, ശ്രിന്ധ, മീനാക്ഷി രവീന്ദ്രൻ ,ചൂരൽ ഫെയിം ഷമീർ ഖാൻ, മഞ്ജുശ്രീ, വിനീത് വിശ്വം തുടങ്ങി എല്ലാവരും രസകരമായി. കഥയിൽ ഈ കഥാപാത്രങ്ങൾ ചെലുത്തുന്ന സ്വാധീനം വളര ഏറെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.വിശ്വാസവും സ്നേഹവും അർപ്പിക്കുന്നവരും ഈ കുടുംബ യൂണിറ്റിലെ ഓരോരുത്തരും.
ബ്രാന്റ് നെയിം ഭാവന സ്റ്റുഡിയോസ്
സാമ്പത്തിക വിജയം കൈവരിക്കുന്ന മികച്ച സിനിമകളുടെ നിർമ്മാണ കമ്പനി എന്ന് ഭാവന സ്റ്റുഡിയോസ് വീണ്ടും തെളിയിക്കുന്നു. പ്രേമലുവിന്റെ വൻവിജയത്തിനുശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ബെത്ലഹേം കുടുംബയൂണിറ്റ് നിർമ്മിച്ചത്. നല്ല സിനിമയെ തിരിച്ചറിയാനും അതു കൃത്യമായി നോക്കിക്കാണുന്നതിലും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും അവർ വിജയം നേടുന്നു.ഗിരീഷ് എ.ഡിയുടെ കൈയൊപ്പ് ഒരേ സീനിലും പതിഞ്ഞിട്ടുണ്ട്.
നിസാരം എന്നു തോന്നിക്കുന്ന റഫറൻസുകൾ പോലും തിരക്കഥയിൽ എഴുതിച്ചേർത്ത് അത് കൃത്യമായി സ്‌ക്രീനിൽ പകർത്തി. ഒരു ഫീൽഗുഡ് റൊമാന്റിക് സിനിമയ്ക്കു വേണ്ട കളർടോൺ എല്ലാം അജ്മൽ സാബുവിന്റെ ഛായാഗ്രഹണ മികവിൽ എടുത്തുവച്ചിട്ടുണ്ട്.പ്രത്യേകിച്ച് നിവിന്റെയും മമിതയുടെയും മുഖത്തെ ഭാവങ്ങൾ മനോഹരമായി ഒപ്പിയെടുക്കുന്നതിൽ. വിഷ്ണു വിജയ്‌യുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും കഥയോട് ചേർന്നു നിന്നു. മലയാളിയുടെ ജീവിത സാഹചര്യങ്ങളുമായി ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങളും കഥാനിമിഷങ്ങളും ഗിരീഷ് എ.ഡി ഇക്കുറിയും മനോഹരമായി അവതരിപ്പിച്ചു.
‘സിഗ്മ’മാരുടെ തീരുമാനം
ഒറ്റത്തടിയായി നടക്കുന്നവർ ബെത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടതോടെ എന്തായാലും ‘സിഗ്‌മ”മായി തുടരാനില്ലെന്ന തീരുമാനത്തിൽ എത്തി. തന്നേക്കാൾ പത്ത് വയസു കുറഞ്ഞ കുട്ടിയെ പ്രണയിക്കുമ്പോൾ നാട്ടിൽ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങൾ ജസ്റ്റിന് മനസിലൊരു വിലങ്ങായുണ്ട്.അതിനെ മറികടക്കാൻ സിഗ്മമാർ റെഡി!
Business ⏭️


