SPORTS
അഭിമുഖത്തെച്ചൊല്ലി ബഹിഷ്കരണ ഭീഷണി; എനിക്കൊന്നും അറിയില്ല: ചോദ്യങ്ങൾക്കു മുന്നിൽ വിയർത്ത് സർഫറാസ് അഹമ്മദ്

ലണ്ടൻ∙ ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖം ബ്രോഡ്കാസ്റ്റ് ചെയ്താൽ ടെസ്റ്റ് കളിക്കാനിറങ്ങില്ലെന്ന പാക്ക് ക്രിക്കറ്റ് ബോർഡിന്റെ ഭീഷണിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പാക്ക് പരിശീലകൻ സർഫറാസ് അഹമ്മദ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഇതു സംബന്ധിച്ച് ചോദ്യങ്ങളുയർന്നതോടെ അസ്വസ്ഥനായ സർഫറാസ്, ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. പലപ്പോഴും ചോദ്യങ്ങൾ പൂർത്തിയാകും മുൻപേ സർഫറാസ് ഉത്തരം പറയുകയായിരുന്നു. ഇംഗ്ലിഷ് ചാനലില്‍ ഇന്റർവ്യു ബ്രോഡ്കാസ്റ്റ് ചെയ്യുന്ന കാര്യത്തിൽ പിസിബിയും ഇംഗ്ലണ്ട് ബോർഡും ചർച്ച നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഒന്നുമറിയില്ലെന്നായിരുന്നു സർഫറാസിന്റെ മറുപടി.ഇതിൽ കടുത്ത അമർഷം പൂണ്ട പിസിബി, പാക്ക് താരങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങരുതെന്ന് ആവശ്യപ്പെടുകയും, തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) വിഷയത്തിൽ ഇടപെടുകയുമാണുണ്ടായത്. മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ ആതർട്ടനാണ്, ഇമ്രാൻ ഖാന്റെ ആൺമക്കളുമായി 18 മിനിറ്റ് നീണ്ട അഭിമുഖം നടത്തിയത്. 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക അറിയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് കത്തയച്ച 21 മുൻ ക്യാപ്റ്റന്മാരിൽ ഒരാളാണ് ആതർട്ടൻ.ടെസ്റ്റ് മത്സരത്തിനിടെ ഇമ്രാൻ ഖാന്റെ മക്കൾക്ക് മാധ്യമശ്രദ്ധ ലഭിക്കുന്നതിന് തടയുന്നതിനായിരുന്നു പിസിബിയുടെ നടപടിയെന്ന് ക്രിക്ഇൻഫോ, ദ് ഗാർഡിയൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിട്ടിട്ടും വേണ്ട ചികിത്സ നല്‍കാതെ പിതാവിനെ ഭരണകൂടം തടവിലാക്കിയിരിക്കുകയാണെന്ന് ഇമ്രാന്റെ മക്കളായ കാസിം ഖാന് അഭിമുഖത്തില്‍ വെളിപ്പെടുത്തി. ദിവസവും 23 മണിക്കൂര്‍ നേരമാണ് ഇമ്രാന് സെല്ലില്‍ തന്നെ കഴിയുന്നതെന്നും ഒറ്റപ്പെടുത്തിയും സമ്മര്‍ദത്തിലാക്കിയും അധികൃതര്‍ ഇമ്രാന്റെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണെന്നും കാസിം ആരോപിച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസമായ ഇമ്രാൻ ഖാൻ, 2018 മുതൽ 2022 വരെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നു. പദവിയിൽ നിന്ന് നീക്കപ്പെട്ടതിന് ശേഷം ഒട്ടെറെ കേസുകളിലായി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.
Auto ⏭️


