NEWS

അറിവടയാളങ്ങൾ: രണ്ടു നായകർ; രണ്ടു ശൈലികൾ


കേരളചരിത്രത്തിലെ രണ്ട് അറിവടയാളങ്ങളാണ് ശ്രീനാരായണ ഗുരുവും മഹാത്മാ അയ്യങ്കാളിയും. വേറിട്ട വഴികളിലൂടെ, സാമൂഹികമായ തിരുത്തിയെഴുത്തിലൂടെ ഇരുവരും മലയാളിയുടെ ജീവിതത്തെ പുതുക്കിയെടുത്തു. സാമൂഹികവ്യവസ്ഥിതിയിൽ അവർ തീർത്ത മുദ്രകൾ ഏതുവിധമായിരുന്നുവെന്ന് ചർച്ച ചെയ്യുകയാണ് വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി മന്ത്രചൈതന്യ, എഴുത്തുകാരനും കൊല്ലം ഫാത്തിമമാതാ കോളജിലെ ചരിത്രവിഭാഗം അധ്യാപകനുമായ ഡോ. വിനിൽ പോൾ, കണ്ണൂർ സർവകലാശാല ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രഫസറും കേരള ഹിസ്റ്ററി കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗവുമായ ഡോ. മാളവിക ബിന്നി എന്നിവർ സ്വാമി മന്ത്രചൈതന്യ: ജീവിതത്തിന്റെ എല്ലാതലത്തിലും വ്യത്യസ്തമായ നിലവാരം പുലർത്തുന്ന നാടാണ് കേരളം. അതിന്റെ പ്രധാനകാരണം ഇവിടെ ജനിച്ചുവളർന്ന മഹാത്മാക്കളുടെ ജീവിതവും സാമൂഹിക പരിഷ്കരണ പോരാട്ടങ്ങളുമാണ്. അവരിൽ പ്രധാനപ്പെട്ട രണ്ടു പേരാണ് ശ്രീനാരായണ ഗുരുവും മഹാത്മാ അയ്യങ്കാളിയും. ഇന്നത്തെ കേരളത്തെക്കുറിച്ച് അവരെ മാറ്റിനിർത്തി ആലോചിക്കാനാകില്ല. അവരുടെ ജീവിതവും പ്രവർത്തനവും വാക്കുകളും ഇവിടുത്തെ മനുഷ്യജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്, അതിന്റെ പ്രയോജനം അനുഭവിക്കുന്നവരാണ് മലയാളി.ബ്രിട്ടിഷുകാർ വരുന്നതിനു മുൻപ് ഇവിടെയുണ്ടായിരുന്ന ഒരു തരം ‘ഹിന്ദുത്വ കൊളോണിയലിസം’ പരിശോധിച്ചാൽ മനസ്സിലാകും, മനുഷ്യൻ എന്ന സങ്കൽപംതന്നെ ഇല്ലായിരുന്നു. നമ്മൾ ജന്മംകൊണ്ട് എന്താണോ, ആ തൊഴിൽ മാത്രം ചെയ്യണം; അതിൽനിന്നു മാറിച്ചിന്തിക്കാൻപോലും അനുവാദമില്ലായിരുന്നു. അതുകൊണ്ടാണ് ‘നമുക്കു സന്യാസം തന്നത് ബ്രിട്ടിഷുകാരാണ്’ എന്നു ശ്രീനാരായണ ഗുരു ഒറ്റവാക്കിൽ പറഞ്ഞത്. അതിനുമുൻപ് ഈഴവ സന്യാസിയെക്കുറിച്ചു ചിന്തിക്കാൻപോലും പറ്റില്ലായിരുന്നു. പെരിയാറും ഇതേ കാര്യം പറയുന്നുണ്ട്— ബ്രിട്ടിഷുകാർ നമ്മളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നതു സത്യമാണ്; പക്ഷേ ‘മനുഷ്യൻ’ എന്ന പദവിയും സങ്കൽപവും നമുക്കു പരിചയപ്പെടുത്തിയത് ആ കൊളോണിയൽ ആധുനികത തന്നെയാണ്.


Fashion ⏭️

Back to top button