‘സുകുമാരക്കുറുപ്പിനെ പൂട്ടാൻ’; വീണ്ടും അന്വേഷണം ശക്തമാക്കി കേരള പൊലീസ്, ഇന്റർപോളിന് വിവരങ്ങൾ കൈമാറി

സുകുമാരക്കുറുപ്പിന്റേതെന്ന രീതിയിൽ പ്രചരിക്കുന്ന പുതിയ ചിത്രം, പഴയ ഫയൽ ചിത്രം
തിരുവനന്തപുരം: ചാക്കോവധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഉണ്ടെന്ന വാർത്തയെത്തുടർന്ന് വിശദമായ അന്വേഷണത്തിന് പൊലീസ് തയ്യാറെടുക്കുന്നു. ക്രൈം ബ്രാഞ്ച് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്റർപോളിന് കൈമാറി. ബ്രൂണെയിലെ മലയാളികളിൽ നിന്ന് അനൗദ്യോഗികമായി വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പുറത്തുവന്ന ചിത്രങ്ങൾ കേന്ദ്രീകരിച്ച് നാട്ടിലും അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.
വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാൻ സാദ്ധ്യതയില്ലെന്ന അനുമാനത്തിൽ ക്രൈബ്രാഞ്ച് കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രതി ജീവനോടെയുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. ബ്രൂണെ-മലേഷ്യ അതിർത്തി പ്രദേശത്ത് മറ്റൊരു പേരിൽ സുകുമാരക്കുറുപ്പ് ജീവിക്കുന്നുണ്ടെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ വാർത്തയുടെ ആധികാരികത സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല.
മാദ്ധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ അന്വേഷണത്തിന്റെ തുടർനടപടികളിലേക്ക് പൊലീസ് വീണ്ടും കടക്കുകയാണ്. ഇന്നലെ തന്നെ പൊലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗവും ക്രൈം ബ്രാഞ്ച് സംഘവും വിവരശേഖരണം ആരംഭിച്ചു. ഇന്റർപോളിന് അനൗദ്യോഗികമായി സന്ദേശം അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് ഔദ്യോഗികമായ രേഖ ഇന്റർപോളിന് ഉടനെ നൽകും.
കഴിഞ്ഞ ദിവസം സുകുമാരക്കുറുപ്പിന്റേതെന്ന് പറഞ്ഞ് പുറത്തുവന്ന ഫോട്ടോകൾ കേരളാ പോലീസ് സൈബർ വിഭാഗം പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. സുകുമാരക്കുറുപ്പിന്റേത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ലോങ് പെൻഡിങ് കേസ് ആണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇപ്പോൾ പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും നിജസ്ഥിതി എന്താണെന്ന് അറിയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
English Summary
Kerala Police have intensified the search for absconding murder accused Sukumara Kurup following reports that he may be living in Brunei under another identity. Crime Branch has shared case details with Interpol, while cyber teams are examining recently surfaced photographs. However, authorities have not confirmed the reports. Police are collecting information from Malayalis in Brunei and continuing investigations.
RELATED TOPICS: SUKUMARA KURUP, KERALA POLICE, INTERPOL, CHACKO MURDER CASE, SUKUMARA KURUP INVESTIGATION
Read News ⏭️


