HEALTH

സർക്കാർ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് സേവനം ഉടൻ; രൂപരേഖയായി


കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ ജില്ലാ, ജനറൽ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് സേവനം ഉടൻ നടപ്പാക്കാൻ സർക്കാർ നീക്കം. പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ പദ്ധതിക്കായി പുനർവിന്യസിക്കാനാണ് സർക്കാർ പദ്ധതി. കൊല്ലത്ത് പുനലൂർ സർക്കാർ ആശുപത്രിയിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുക. ഇതിനായുള്ള കണക്കെടുപ്പുകളും സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലാ, ജനറൽ ആശുപത്രികളിൽ ഓർത്തോ, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, ജനറൽ മെഡിസിൻ വിഭാഗങ്ങളിൽ മുഴുവൻ സമയവും ഓരോ സ്പെഷ്യലിസ്റ്റ് ഡ്യൂട്ടിയിൽ ലഭ്യമാക്കാനാണ് സർക്കാർ നീക്കം. പദ്ധതി നടപ്പാക്കാൻ അധിക തസ്തികയും നിയമനവും വേണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ നിർദേശിച്ചിരുന്നു. ഇത് തള്ളിയാണ് പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സ്പെഷ്യലിസ്റ്റുകളെ പുനർവിന്യസിക്കാനുള്ള പുതിയ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. സാധാരണക്കാർക്ക് വിദഗ്ധ ചികിത്സക്ക് കൂടുതൽ സൗകര്യം ഒരുക്കാൻ പദ്ധതി സഹായിക്കും. മെഡിക്കൽ കോളജുകളിലെ തിരക്ക് കുറക്കാനും ഇതു സഹായിക്കും. പുനലൂർ താലൂക്ക് ആശുപത്രിയിൽ ക്രമീകരണം വരുത്താൻ 15 പേർ അധികം വേണ്ടി വരും. പദ്ധതി പിന്നീട് മറ്റ് ജില്ലകളിലേക്കും വ്യാപിക്കും.


Life Style ⏭️

Back to top button