NEWS
കായലിന്റെ പേര് മാറ്റി; കാനഡയെ ‘പഠിപ്പിക്കുമെന്ന്’ ട്രംപ്, ചൈനയോടും തെറ്റി, ഇറാനിൽ ഇടപെട്ട് ഖത്തർ, ‘കടൽക്കെണി’ നീക്കാനും സഹായിക്കും

ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ തുലാസിൽ നിൽക്കേ, ആഗോള സാമ്പത്തിക മേഖലകൾക്ക് കൂടുതൽ ഇടിത്തീയായി പുത്തൻപുതിയ പോരാട്ടങ്ങൾക്ക് തിരികൊളുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയുമായി അതിർത്തി പങ്കിടുന്ന യുഎസിന്റെ വടക്കൻ മേഖലയിലുള്ള ഒന്റാരിയോ തടാകത്തിന്റെ (Lake Ontario) പേര് അമേരിക്ക തടാകം (Lake America) എന്നുമാറ്റിയാണ് ട്രംപ് പ്രകോപനത്തിന്റെ വെടിപൊട്ടിച്ചത്.വ്യാപാരച്ചർച്ചകൾ പൊളിഞ്ഞതിനെ തുടർന്ന് കാനഡയ്ക്കുമേൽ ട്രംപ് 50% പകരംതീരുവ ഏർപ്പെടുത്തിയിരുന്നു. യുഎസിൽ നിന്ന് കാനഡയിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് സമാനതീരുവ പ്രഖ്യാപിച്ച് കാനഡയും തിരിച്ചടിച്ചതോടെ ഉഭയകക്ഷി ബന്ധം വഷളായി. അതേസമയം, ട്രംപ് തടാകത്തിന്റെ പേരുമാറ്റിയത് പ്രതീകാത്മകമായാണോ കാര്യമായിട്ടു തന്നെയാണോ എന്ന് വൈറ്റ്ഹൗസോ ട്രംപോ സ്ഥിരീകരിച്ചിട്ടില്ല. പേരുമാറ്റം അംഗീകരിക്കില്ലെന്ന് കാനഡ അറിയിച്ചിട്ടുണ്ട്. ഒരേ തടാകത്തിന് വെവ്വേറെ പേര് ഉപയോഗിക്കാൻ യുഎസിനും കാനഡയ്ക്കും നിയമതടസ്സവുമില്ല.അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തുപയോഗിക്കുന്ന സെമികണ്ടക്ടറുകൾക്ക് (ചിപ്) തീരുവ ഏർപ്പെടുത്താനും ട്രംപ് ആലോചിക്കുന്നുണ്ട്. ഇതും ഉന്നംവയ്ക്കുന്നത് ചൈനയെയാണ്. അമേരിക്കയിൽ മാനുഫാക്ചറിങ് കൂട്ടണമെന്ന വാദമാണ് ട്രംപ് ഉയർത്തുന്നത്. കയറ്റുമതി നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടും ഇപ്പോഴും ചൈനീസ് കമ്പനികൾക്ക് യുഎസ് കമ്പനിയായ എൻവിഡിയയുടെ ചിപ്പുകൾ കിട്ടുന്നുണ്ടെന്നും ഇതാണ് ചൈനയുടെ എഐ മുന്നേറ്റത്തിന് സഹായിക്കുന്നതെന്നും ട്രംപ് ഭരണകൂടം കരുതുന്നു.
Fashion ⏭️


