CINEMA

‘ആരും മറന്നുപോകുന്ന സിനിമകൾ ചെയ്യില്ല,​ എന്റെ ചിത്രങ്ങൾ കണ്ടിട്ട് പ്രേക്ഷകർ ചിന്തിക്കണം’


പ്രശാന്ത് വിജയ് (നടുക്ക്) ‘ഇത്തിരി നേരം’, ദായം എന്നി സിനിമകളുടെ പോസ്റ്റർ

സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്ങും പ്രൊഡക്ട് മാനേജ്‌മെന്റും ഉപേക്ഷിച്ച് സിനിമ മേഖലയിലേക്ക് എത്തിയ സംവിധായകനാണ് പ്രശാന്ത് വിജയ്. യാതൊരു മുൻകാല സിനിമ പശ്ചാത്തലവും ഇല്ലാതെ സ്വന്തം പരിശ്രമത്തിലൂടെ അദ്ദേഹം ചലച്ചിത്രനിർമാണം പഠിച്ചു. മലയാളത്തിലെ സ്വതന്ത്ര സിനിമാരംഗത്ത് ഇതിനകം ശ്രദ്ധേയമായ സാന്നിധ്യമായി മാറിയിട്ടുണ്ട് പ്രശാന്ത് വിജയ്.’അതിശയങ്ങളുടെ വേനൽ’ (2017), ‘ദായം” (2023) റോഷൻ മാത്യുവിനെ നായകനാക്കി പുറത്തിറക്കിയ ‘ഇത്തിരി നേരം’ (2025) എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ. ഐ.എഫ്.എഫ്.കെ, ഐ.ഡി.എസ്.എഫ്.എഫ്.കെ തുടങ്ങിയ രാജ്യാന്തര ചലച്ചിത്രമേളകളുടെ സെലക്ഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സിനിമകൾക്ക് സബ്‌ടൈറ്റിൽ ഒരുക്കുന്ന ‘വൺ ഇഞ്ച് ബാരിയർ’ സംരംഭത്തിന്റെ സംഘാടകൻ കൂടിയാണ്. സിനിമയിലേക്കുള്ള തന്റെ യാത്രയും പുതിയ പദ്ധതികളും കേരളകൗമുദി ഓൺലൈനിനോട് അദ്ദേഹം പങ്കുവയ്ക്കുന്നു.

സിനിമയുടെ ഗ്ലാമറിനോടോ താരങ്ങളോടോ ആരാധനയില്ല

എല്ലാവരും എഞ്ചിനീയറിംഗ് തിരഞ്ഞെടുത്തപ്പോൾ ഞാനും അതുതന്നെ പഠിച്ചു. എന്നാൽ ചെറുപ്പം മുതൽ സിനിമയോട് താൽപര്യമുണ്ടായിരുന്നു. സാഹിത്യത്തോടും വിവിധ കലാരൂപങ്ങളോടുമുള്ള ഇഷ്ടം സിനിമയിലേക്ക് കൂടുതൽ അടുപ്പിച്ചു. എന്റെ ആശയങ്ങൾ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ മാദ്ധ്യമം സിനിമയാണെന്ന് തോന്നിയിരുന്നു.

സിനിമയുടെ ഗ്ലാമറിനോടോ താരങ്ങളോടോ ഉള്ള ആരാധനയായല്ല എന്റെ താൽപര്യം. ഒരു കലാരൂപം എന്ന നിലയിലാണ് സിനിമയെ കണ്ടത്. അവിടെ എത്താൻ റിസ്‌കുകൾ എടുക്കേണ്ടിവരുമെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് ജീവിതം കുറച്ചുകൂടി സുരക്ഷിതമാക്കാൻ ആദ്യം എഞ്ചിനീയറിങ്ങും പിന്നീട് മാനേജ്‌മെന്റും പഠിച്ചത്.


പ്രശാന്ത് വിജയ്

സിനിമ സ്വയം പഠിച്ചു

സിനിമയിൽ എത്തുന്നതിന് മുമ്പ് എഞ്ചിനീയറിങ്ങും മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തു. കുട്ടിക്കാലം മുതൽ ജേണലിസം പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. പിന്നീട് കൊവിഡ് കാലത്ത് തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്ന് ജേണലിസവും പഠിച്ചു. ഈ പഠനവും ജോലിപരിചയവും സിനിമയെ കൂടുതൽ പ്രൊഫഷണലായി സമീപിക്കാൻ സഹായിച്ചു. കോർപ്പറേറ്റ് ജോലിയിൽ നിന്ന് ലഭിച്ച അച്ചടക്കവും കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാനുള്ള ശീലവും സിനിമയിലും പ്രയോജനപ്പെട്ടു. വ്യത്യസ്ത മേഖലകളിലുള്ള ആളുകളെ പരിചയപ്പെടാനും അവരുടെ ജീവിതാനുഭവങ്ങൾ മനസിലാക്കാനും കഴിഞ്ഞത് സിനിമയെ സമീപിക്കുന്ന രീതിയിലും കഥകൾ തിരഞ്ഞെടുക്കുന്നതിലും സഹായിച്ചിട്ടുണ്ട്.

പ്രമേയം തിരഞ്ഞെടുക്കുന്നത്

സിനിമയുടെ പ്രമേയം തിരഞ്ഞെടുക്കുമ്പോൾ കൃത്യമായ പ്ലാനിംഗ് ഉണ്ടാകാറില്ല. പല ആശയങ്ങളും ഒരേസമയം പരിഗണിച്ച ശേഷമാണ് അനുയോജ്യമായത് തിരഞ്ഞെടുക്കുന്നത്. ആദ്യ രണ്ട് സിനിമകളും ചെറിയ ബഡ്‌ജറ്റിലാണ് ഒരുക്കിയത്. അതിനനുസരിച്ചുള്ള പ്രമേയങ്ങളാണ് തിരഞ്ഞെടുത്തത്.

‘ഇത്തിരിനേരം’ ചെയ്യുമ്പോഴും ബോധപൂർവം ഒരു കൊമേഴ്സ്യൽ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നില്ല. ഒരു കഥ ലഭിക്കുകയും അത് വികസിപ്പിച്ച് തിരക്കഥയാക്കുകയുമായിരുന്നു. തിരക്കഥ പൂർത്തിയായപ്പോൾ ഇതുവരെ ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ കൊമേഴ്സ്യൽ സാദ്ധ്യതയുള്ള കഥയാണെന്ന് തോന്നി. അതുകൊണ്ടാണ് താരമൂല്യമുള്ള നടീനടന്മാരെ ഉൾപ്പെടുത്താനും തീരുമാനിച്ചത്.


റോഷൻ മാത്യു,സറിൻ ശിഹാബ്, പ്രശാന്ത് വിജയ്

‘ഇത്തിരി നേരം’ സിനിമയിൽ വലിയ താരങ്ങളെ ഉൾപ്പെടുത്തിയപ്പോൾ സ്വതന്ത്ര സിനിമയുടെ സർഗാത്മക സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നിട്ടുണ്ടോ?

ഇല്ല. മൂന്ന് സിനിമകളിലും ഒരേ തരത്തിലുള്ള സർഗാത്മക സ്വാതന്ത്ര്യത്തോടെയാണ് എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞത്. അത് എന്റെ ഭാഗ്യമായാണ് ഞാൻ കാണുന്നത്. താരമൂല്യമുള്ള അഭിനേതാക്കളായിരുന്നിട്ടും റോഷൻ മാത്യുവും സറിൻ ശിഹാബും കഥയെയും കഥാപാത്രങ്ങളെയും അതിന്റെ സ്വാഭാവികതയെയും മനസിലാക്കി, യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് സിനിമയെ സമീപിച്ചത്. പ്രേക്ഷകർ എന്ത് വിചാരിക്കുമെന്ന ചിന്തയൊന്നും അവരുടെ പ്രകടനത്തെ ബാധിച്ചില്ല. അതുകൊണ്ടുതന്നെ അവരിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചു. സംവിധായകൻ എന്ന നിലയിൽ അഭിനേതാക്കളിൽ നിന്ന് വേണ്ട പ്രകടനം വളരെ എളുപ്പത്തിൽ ലഭിച്ചു എന്നതാണ്. അവർ മികച്ച അഭിനേതാക്കളായതിനാൽ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.


മലയാളത്തിലെ സ്വതന്ത്ര സിനിമകളുടെ ഇപ്പോഴത്തെ അവസ്ഥ
സ്വന്തം അനുഭവത്തിലും മറ്റ് സിനിമാപ്രവർത്തകരുടെ അനുഭവങ്ങളിലും നിന്ന് നോക്കുമ്പോൾ മലയാളത്തിലെ സ്വതന്ത്ര സിനിമകൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പത്ത് വർഷം മുമ്പുവരെ ഇത്തരം സിനിമകൾക്ക് പിന്തുണ നൽകാനും പണം മുടക്കാനും ആളുകളുണ്ടായിരുന്നു. ഇന്ന് സിനിമാ മേഖലയിലേക്ക് കൂടുതൽ പണം എത്തുന്നുണ്ടെങ്കിലും, കച്ചവട ലക്ഷ്യമില്ലാതെ ഒരുക്കുന്ന സ്വതന്ത്ര സിനിമകൾക്ക് പണം മുടക്കാൻ തയ്യാറാകുന്നവർ വളരെ കുറവാണ്.


ദായം സിനിമയുടെ സെറ്റിൽ പ്രശാന്ത് വിജയ്

സർക്കാരിന്റെ പിന്തുണയും കുറഞ്ഞിട്ടുണ്ട്. ഒരു കാലത്ത് ദൂരദർശൻ ഇത്തരം സിനിമകൾ ഏറ്റെടുക്കുകയും അതിലൂടെ സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അതും കാര്യമായി ലഭിക്കുന്നില്ല. ഇതോടെ സ്വതന്ത്ര സിനിമകളുടെ നിലനിൽപ്പ് കൂടുതൽ ബുദ്ധിമുട്ടായി. തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ഇത്തരം സിനിമകൾക്ക് വേണ്ടത്ര അവസരം ലഭിക്കാത്തതാണ് പ്രധാന പ്രശ്നം.

സബ്‌ടൈറ്റിലിംഗ്
ചെറുപ്പത്തിൽ സബ്‌ടൈറ്റിലുകളിലൂടെയാണ് പല വിദേശ, പ്രാദേശിക സിനിമകളും കണ്ടിരുന്നത്. ദൂരദർശനിലും ഫിലിം ഫെസ്റ്റിവലുകളിലും ഫിലിം സൊസൈറ്റികളിലുമൊക്കെ കണ്ട സിനിമകൾ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിലൂടെയാണ് മനസിലാക്കിയത്. അതുകൊണ്ട് സിനിമയെ മനസിലാക്കുന്നതിൽ സബ്‌ടൈറ്റിലുകൾക്ക് വലിയ പങ്കുണ്ടെന്ന് ഞാൻ കരുതുന്നു.

നമ്മുടെ സിനിമകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ‘വൺ ഇഞ്ച് ബാരിയർ’ എന്ന സംരംഭം തുടങ്ങിയത്. പ്രാദേശിക സിനിമകൾ ആഗോള പ്രേക്ഷകരിലേക്ക് എത്തുന്നതിൽ നല്ല സബ്‌ടൈറ്റിലുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. നിർഭാഗ്യവശാൽ സബ്‌ടൈറ്റിലുകളെ ഇപ്പോഴും പലരും ഗൗരവമായി കാണുന്നില്ല. എന്നാൽ വിവർത്തനം എളുപ്പമുള്ള ജോലിയല്ല. സിനിമയുടെ അർത്ഥവും വികാരവും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സബ്‌ടൈറ്റിലുകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധ ആവശ്യമാണ്.




ഇത്തിരി നേരം സിനിമയുടെ സെറ്റിൽ പ്രശാന്ത് വിജയ്, നടൻ റോഷൻ മത്യു, സറിൻ ശിഹാബ് എന്നിവർ

ഭാവി പദ്ധതികൾ
അടുത്ത സിനിമ ഏത് പ്രമേയത്തിലോ ജോണറിലോ ആയിരിക്കുമെന്ന് മുൻകൂട്ടി തീരുമാനിക്കാറില്ല. ഒരു കഥയോ കഥാപാത്രമോ സാഹചര്യങ്ങളോ ലഭിച്ച ശേഷം അതിന് അനുയോജ്യമായ ശൈലി തിരഞ്ഞെടുക്കുകയാണ് പതിവ്. പ്രത്യേകിച്ച് ഒരു ജോണറിനോടും ചായ്‌വില്ല. നിലവിൽ കൊമേഴ്സ്യൽ സിനിമയ്ക്കായി ഒന്നുരണ്ട് ആശയങ്ങളും ചെറിയ ബ‌ഡ്‌ ജറ്റിൽ സ്വതന്ത്രമായി ചെയ്യാവുന്ന ചില ആശയങ്ങളും പരിഗണിക്കുന്നുണ്ട്. ഇവയുടെ ചർച്ചകൾ ഒരേസമയം നടക്കുന്നുണ്ട്. എന്നാൽ അടുത്തതായി ഏത് സിനിമയാണ് ചെയ്യുകയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിനാൽ ഇപ്പോൾ അതേക്കുറിച്ച് വ്യക്തമായി പറയാൻ കഴിയില്ല.

സംവിധായകൻ എന്ന നിലയിൽ
സ്വന്തം ആശയങ്ങൾ അവതരിപ്പിക്കാൻ ഏറ്റവും നല്ല മാദ്ധ്യമം സിനിമയാണെന്ന വിശ്വാസത്തോടെയാണ് ഞാൻ സിനിമയിലേക്ക് എത്തിയത്. അതിനായി സ്വയം പഠിക്കുകയും പരിശീലിക്കുകയും ചെയ്തു. ആദ്യമായി ഒരു ഷോർട്ട് ഫിലിമാണ് ഒരുക്കിയത്. ആ സിനിമ ഒരു ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ശേഷം അസമിൽ നിന്നുള്ള ഒരു സംവിധായിക എന്നെ ബന്ധപ്പെട്ടു. സിനിമ കണ്ടിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു. അത് എനിക്ക് വലിയ പ്രചോദനമായി.


അതിശയങ്ങളുടെ വേനൽ ചിത്രീകരണത്തിനിടയിൽ

സിനിമ കണ്ടുകഴിഞ്ഞാലും അതിലെ കാര്യങ്ങൾ പ്രേക്ഷകരുടെ മനസിൽ കുറച്ചുനാൾ നിലനിൽക്കണമെന്നാണ് എന്റെ ആഗ്രഹം. കണ്ട ഉടൻ മറന്നുപോകുന്ന സിനിമകൾ ചെയ്യാൻ താൽപര്യമില്ല. വർഷങ്ങൾ കഴിഞ്ഞാലും പ്രസക്തമായി നിൽക്കുകയും പുതിയ പ്രേക്ഷകർക്ക് പുതിയ കാര്യങ്ങൾ കണ്ടെത്താൻ കഴിയുകയും ചെയ്യുന്ന സിനിമകളാണ് ചെയ്യാൻ ആഗ്രഹിക്കുന്നത്. പന്ത്രണ്ട് വർഷങ്ങൾക്കുശേഷവും ആദ്യ ഷോർട്ട് ഫിലിമിന് പുതുമയുണ്ടെന്ന് പ്രേക്ഷകർ പറയുമ്പോൾ എന്റെ ശ്രമങ്ങൾ വിജയിച്ചുവെന്ന് തോന്നാറുണ്ട്. ഏറെക്കാലം പ്രസക്തമായി നിൽക്കുന്ന സിനിമകൾ ചെയ്ത സംവിധായകനായി അറിയപ്പെടണമെന്നാണ് എന്റെ ആഗ്രഹം.


Business ⏭️

Back to top button