NEWS
‘സിസ്റ്റം ഔട്ട് കംപ്ലീറ്റ്’: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

കോട്ടയം∙ ‘‘അഴിമതിക്കെതിരായ പോരാട്ടത്തിൽ നിങ്ങളെ പ്രധാനമായും സഹായിക്കാൻ കഴിയുക വിവരാവകാശ നിയമത്തിനായിരിക്കും. കൃത്യമായ രീതിയിൽ ചോദ്യം ചോദിച്ചാൽ സ്വന്തം കാര്യവും നടക്കും. അഴിമതിയും ഇല്ലാതാവും. അതിനായി ഒരു പുസ്തകം കൂടി ഞാൻ നിർദേശിക്കുന്നു. പ്രശാന്ത് ഐഎഎസ് എഴുതിയ ‘സിസ്റ്റം ഔട്ട് കംപ്ലീറ്റ്’ ആണത്. അത് വായിച്ചാൽ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നും വിവരാവകാശ നിയമത്തിലൂടെ നിങ്ങളുടെ ആവശ്യങ്ങൾ എങ്ങനെ നേടിയെടുക്കാൻ എന്നും പഠിക്കാം. അഴിമതി തുലയട്ടെ’’ – വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയുടെ അവസാന ഫെയ്സ്ബുക്ക് പോസ്റ്റാണിത്. “നടുക്കവും വിഷമവും തോന്നി”- ഷൗക്കത്തലി തന്നെയും തന്റെ പുസ്തകത്തെയും ഫെയ്സ്ബുക്ക് കുറിപ്പിൽ പരാമർശിച്ചതിനെപ്പറ്റി കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് മനോരമ ഓൺലൈനോട് പ്രതികരിച്ചതിങ്ങനെ. ഒരാൾ മരിക്കാൻ നേരം തന്നെയും തന്റെ പുസ്തകത്തെയും ഓർത്തു എന്നറിയുമ്പോൾ വിഷമമല്ല, അതിനും അപ്പുറത്തെ വികാരമാണെന്ന് പ്രശാന്ത് പറയുന്നു. ഒരിക്കലും ഇങ്ങനെ ഒരു പുസ്തക നിരൂപണം ജീവിതത്തിൽ വായിക്കേണ്ടി വരും എന്ന് കരുതിയില്ല. അദ്ദേഹത്തിന്റെ മനസ്സിന്റെ അവസ്ഥ നമുക്ക് മനസ്സിലാവില്ല. ഒരാൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുമ്പോൾ അത് നമുക്ക് സങ്കൽപ്പിക്കാൻ പറ്റാത്ത മാനസികാവസ്ഥയാണ്. നാം ആരുമല്ല അത് വിലയിരുത്താൻ. ഓരോ മനുഷ്യരുടെയും സഹനശക്തി വ്യത്യസ്തമാണ്. സിസ്റ്റത്തിൽ മനുഷ്യത്വം ഇല്ലാതെ പോകരുത്. സാധാരണ പൗരനെ മനുഷ്യനായി കാണാതെ എന്ത് വികസനം ഉണ്ടായിട്ട് എന്ത് കാര്യം? അധികാരത്തിന്റെ അഹങ്കാരം ഇല്ലാതാകുന്നത് ഒരു മനുഷ്യന്റെ ജീവിതമാണ്. ചിലപ്പോൾ പലരുടെയും. ചിലർക്ക് ജീവിതങ്ങളിലെ അവസരങ്ങളാണ് ഇല്ലാതാകുന്നത്. കായിക വകുപ്പ് സ്പെഷൽ സെക്രട്ടറിയായ ശേഷം കണ്ട പല ഫയലുകളിലും സ്പോർട്സ് അസോസിയേഷനുകളിലെ ഈഗോ കാരണമുണ്ടാകുന്ന തമ്മിലടി കാരണം പല കുട്ടികളുടെയും അവസരം നഷ്ടപ്പെട്ടത് മനസിലാക്കിയിട്ടുണ്ട്. മനുഷ്യൻ സെൽഫിഷ് ആകുന്നതാണ് പ്രധാന “അസുഖം”.
Fashion ⏭️


