NEWS
മുട്ടിലിലെ ഈട്ടിത്തടികൾ കടത്തി 1.40 കോടി രൂപ തട്ടിയെന്ന കേസ്: വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് റോജി അഗസ്റ്റിൻ

കൊച്ചി ∙ വയനാട് മുട്ടിലിൽ നിന്ന് അനധികൃതമായി ഈട്ടിത്തടികൾ കടത്തി വിൽപന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി റോജി അഗസ്റ്റിൻ ഹൈക്കോടതിയിൽ. മരം കടത്തിയതുമായി ബന്ധപ്പെട്ട് വനം വകുപ്പ് റജിസ്റ്റർ ചെയ്ത പ്രാഥമിക അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അത് പൂർത്തിയാകുന്നതു വരെ അമ്പലമേട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ നീട്ടിവയ്ക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. വനംവകുപ്പിന്റെ അന്വേഷണം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ തുടരുമ്പോൾ സമാന്തരമായി വിചാരണ നടത്തിയാൽ അത് നീതി നിഷേധത്തിനു കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു. നിലവിൽ ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ വിചാരണ നടപടികൾ നടന്നുവരികയാണ്.മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുട്ടിലിൽ നിന്ന് സംരക്ഷിത വിഭാഗത്തിൽപെട്ട 8 കോടി രൂപ വിലമതിക്കുന്ന ഈട്ടി, തേക്ക് മരങ്ങൾ മുറിച്ചുകടത്തിയ സംഘം നിയമപരമായ രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 54 ഈട്ടിത്തടികൾ വിറ്റ് തുക തട്ടിയെടുത്തെന്നാണ് കേസ്. കരിമുകൾ മലബാർ ടിംബേഴ്സ് ഉടമ എം.എം.അലിയാർ നൽകിയ പരാതിയിൽ 2021 ജൂലൈ 13നാണ് അമ്പലമേട് പൊലീസ് വഞ്ചനാക്കുറ്റത്തിനു കേസെടുത്തത്. പല ഗഡുക്കളായി പണം കൈപ്പറ്റിയ ശേഷം നൽകിയ തടികൾക്ക് രേഖകൾ ഹാജരാക്കാനോ പണം തിരികെ നൽകാനോ പ്രതികൾ തയാറായിരുന്നില്ല. എന്നാൽ താൻ നിയമപരമായ രേഖകളോടെയാണ് തടി വാങ്ങിയതെന്നും പെർമിറ്റ് ലഭിക്കുന്നതിൽ സാങ്കേതികമായ തടസങ്ങൾ ഉണ്ടായതാണെന്നുമാണ് റോജി അഗസ്റ്റിൻ പറയുന്നത്. ഇത് ക്രിമിനൽ കുറ്റമല്ലെന്നും മറിച്ച് ഒരു സിവിൽ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് വിഷയമാണെന്നും ഹർജിയിൽ പറയുന്നു.
Fashion ⏭️


