NEWS
വർഷങ്ങളായി തെരുവിൽ, വിഷാദരോഗം; ബന്ധുക്കളെ കണ്ടെത്തി യുവാവിനെ നാഗ്പൂരിലേക്ക് അയച്ച് മുളവുകാട് പൊലീസ്

കൊച്ചി∙ കടുത്ത വിഷാദരോഗത്തെ തുടർന്ന് നാലുവർഷമായി കുടുംബത്തിൽനിന്ന് അകന്നു തെരുവിൽ അലഞ്ഞുതിരിഞ്ഞിരുന്ന യുവാവിനെ കണ്ടെത്തി ബന്ധുക്കൾക്കൊപ്പം അയച്ച് കൊച്ചി മുളവുകാട് പൊലീസ്. മഹാരാഷ്ട്ര നാഗ്പൂർ സ്വദേശി രാഷ്ട്രപാൽ മനോഹർ ചാഹൻഡെയെയാണ് (37) പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം വീണ്ടും കുടുംബവുമായി ഒന്നിപ്പിച്ചത്. എംടെക് ബിരുദധാരിയായ രാഷ്ട്രപാൽ ക്യാംപസ് റിക്രൂട്ട്മെന്റിലൂടെ ജോലിക്കു കയറി ഒരു ലക്ഷത്തോളം രൂപ ശമ്പളം വാങ്ങിയിരുന്ന വ്യക്തിയാണ്.എന്നാൽ 2022ൽ മാതാപിതാക്കളുടെ വേർപാടിനും സഹോദരിമാരുടെ വിവാഹത്തിനും ശേഷമുണ്ടായ ഒറ്റപ്പെടലോടെ കടുത്ത വിഷാദത്തിലായ രാഷ്ട്രപാൽ ജോലി ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞ ഇയാൾ ഒടുവിൽ കൊച്ചി കണ്ടെയ്നർ റോഡിലെ മുളവുകാട് പൊലീസ് സ്റ്റേഷൻ പരിസരത്താണ് എത്തിച്ചേർന്നത്. ദിവസവും സ്റ്റേഷനു മുന്നിലെ കുടിവെള്ള പ്യൂരിഫയറിൽനിന്ന് വെള്ളം കുടിക്കാൻ എത്തിയിരുന്ന ഇയാളോട് പൊലീസുകാർ സംസാരിക്കാൻ ശ്രമിച്ചതോടെയാണു തുടക്കം. ആദ്യ ഘട്ടത്തിൽ ഒന്നും സംസാരിക്കാതിരുന്ന രാഷ്ട്രപാൽ പിന്നീട് ഉദ്യോഗസ്ഥരുടെ സ്നേഹപൂർവ്വമായ പെരുമാറ്റത്തിൽ ആകൃഷ്ടനായി താൻ എംടെക് ബിരുദധാരിയാണെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ എൻജിനീയറായിരുന്നുവെന്നുമുള്ള വിവരങ്ങൾ വെളിപ്പെടുത്തി. ഇംഗ്ലിഷിലും ഹിന്ദിയിലും മനോഹരമായി സംസാരിച്ചിരുന്ന ഇയാൾക്കു പഴയ ഫോൺ നമ്പരുകളും കോളജ് വിവരങ്ങളും കൃത്യമായി ഓർമയുണ്ടായിരുന്നു. തുടർന്ന് പൊലീസുകാർ നടത്തിയ അന്വേഷണത്തിൽ ഇയാൾ നൽകിയ ഫോൺ നമ്പരുകളിൽ ഒന്ന് സഹോദരീഭർത്താവായ അമൻ സാമ്പത്റാവുവിലേക്കെത്തുകയും കുടുംബത്തെ വിവരം അറിയിക്കുകയുമായിരുന്നു.
Fashion ⏭️


