NEWS
ഓണമുണ്ണാൻ ജീവന്‍ വേണം; ഉത്സവ സീസൺ മുതലെടുത്ത് സ്വകാര്യ ബസുകളുടെ കാബിനുകളിൽ വരെ യാത്രക്കാർ

ബെംഗളൂരു ∙ ഓണത്തിരക്കു മുതലെടുത്തു യാത്രക്കാരെ കാബിനുകളിൽ കയറ്റിയുള്ള സ്വകാര്യ ബസുകളുടെ അപകട യാത്ര നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലുമാണു ബസുകളുടെ കാബിനുകളിൽ യാത്രക്കാരെ കുത്തിനിറച്ചു സർവീസ് നടത്തുന്നത്. ടിക്കറ്റ് കിട്ടാത്തവരും അവസാനനിമിഷം യാത്രയ്ക്കു വരുന്നവരുമാണു പലപ്പോഴും അപകട യാത്രയ്ക്കു തുനിയുന്നത്. ഡ്രൈവർക്കു പിന്നിൽ ബെർത്തിലും ചവിട്ടുപടിയിൽ വരെ ഇരുന്നുമാണു പലരും നാടുപിടിക്കുന്നത്. അഞ്ചിലധികം യാത്രക്കാരെ വരെ ഇത്തരത്തിൽ കുത്തി നിറച്ചുള്ള സർവീസ് മലബാർ മേഖലയിലേക്കുള്ള ബസുകളിലെ സ്ഥിരം കാഴ്ചയാണ്. ട്രെയിൻ സർവീസുകൾ പരിമിതമായ കോഴിക്കോട്, കണ്ണൂർ, എന്നിവിടങ്ങളിലേക്കുള്ളവർ കൂടുതലായി സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്.അപകടങ്ങൾക്കും കുറവില്ല ഇക്കഴിഞ്ഞ മാർച്ചിൽ ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേയിൽ കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്കു വന്ന സ്വകാര്യ ബസ് ചന്നപട്ടണയ്ക്കു സമീപം നിയന്ത്രണംവിട്ടു മീഡിയനിലേക്കു പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചിരുന്നു. ഇവരെല്ലാം കാബിനിൽ ഇരുന്നു യാത്ര ചെയ്തവരാണ്. ഉഗാദി, ചെറിയ പെരുന്നാൾ അവധിക്കു ശേഷം ബെംഗളൂരുവിലേക്കു മടങ്ങിയവരാണ് അപകടത്തിൽപെട്ടത്.‘കാബിനിൽ യാത്ര ചെയ്യുന്നവർക്കു ടിക്കറ്റ് നൽകാറില്ല. റിസർവേഷൻ ചാർട്ടിൽ പേരും ഉണ്ടാകില്ല. യാത്രാ രേഖകൾ ഇല്ലാത്തതിനാൽ അപകടത്തിൽപെട്ടാൽ ആളെ തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ടാണ്. ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ ലഭിക്കില്ല. ഉടമകൾ അറിയാതെ ഡ്രൈവറും ബസിലെ സഹായിയും ചേർന്നാണു കാബിൻ യാത്രക്കാരിൽ നിന്നു പണം ഈടാക്കുന്നത്. ബുക്കിങ് നിരക്കിനെക്കാൾ കുറവായതിനാൽ വിദ്യാർഥികളും ചെറുകിട വ്യാപാരികളുമാണു കാബിൻ യാത്രക്കാരിൽ ഭൂരിഭാഗവും. ലഹരി കടത്തിനു വരെ പലരും കാബിൻ യാത്രകൾ തിരഞ്ഞെടുക്കുന്നുണ്ട്’.– ജാഷിർ പൊന്നിയം (ജനറൽ സെക്രട്ടറി, യുണൈറ്റഡ് മലയാളി ഫെഡറേഷൻ)
Fashion ⏭️


