NEWS

4 കി. മീ അകലെയുള്ള മകൾ അന്വേഷിച്ചില്ല; കുളിമുറിയിൽ കണ്ട വീട്ടമ്മയുടെ അസ്ഥികൂടത്തിന് ഒന്നര വർഷത്തെ പഴക്കം


ബെംഗളൂരു ∙ കർണാടകയിലെ ബാഗലകുണ്ടെയിലെ ഹവനൂർ മേഖലയിലെ ഒരു വീട്ടിൽനിന്നും കണ്ടെത്തിയ അസ്ഥികൂടത്തിനു 18 മാസത്തെ പഴക്കമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. വീട്ടമ്മയുടെ അസ്ഥികൂടത്തിന് ഒരു വർഷത്തെ പഴക്കമെന്നാണ് നേരത്തെ പൊലീസ് പറഞ്ഞിരുന്നത്. അതേസമയം മരിച്ച വീട്ടമ്മയുടെ മകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പൊലീസ് പുറത്തുവിട്ടു.57 വയസ്സുള്ള ദാക്ഷായണി എന്ന വീട്ടമ്മയുടെ അസ്ഥികൂടമാണ് വീട്ടിലെ കുളിമുറിയിൽനിന്ന് വെള്ളിയാഴ്ച കണ്ടെത്തിയത്. വീട്ടമ്മയുടെ ഭർത്താവും മകനും അസുഖബാധിതരായി നേരത്തെ മരിച്ചിരുന്നു. ഏക മകൾ വിവാഹത്തിനു ശേഷ നാല് കിലോമീറ്റർ അകലെയാണ് താമസിച്ചിരുന്നത്. ഏറെ നാളായി ദാക്ഷായണിയുടെ വീട് അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി വാതിൽപൊളിച്ച് അകത്തുകയറിയപ്പോഴാണ് വീട്ടമ്മയുടെ അസ്ഥികൂടം കുളിമുറിയിൽ കണ്ടെത്തിയത്. എന്നാൽ വീട്ടമ്മ ധരിച്ചിരുന്ന സ്വർണ വളകളും മാലയും അസ്ഥികൂടത്തിലുണ്ടായിരുന്നു. സ്വർണം നഷ്ടപ്പെടാത്തതിനാൽ ദാക്ഷായണി കവർച്ചയ്ക്ക് ഇരയായിട്ടില്ലെന്ന് പൊലീസ് കണക്കുകൂട്ടുന്നു. കൂടാതെ പ്രധാന വാതിലുകളും ജനാലകളും അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.


Fashion ⏭️

Back to top button