NEWS
കെ ഫോൺ സേവനം: ബദൽമാർഗം തേടി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളിൽ കെ ഫോണിന്റെ സൗജന്യ സേവനം നിറുത്തലാക്കിയതിനെ തുടർന്ന് , സ്കൂളുകൾക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടാകാത്ത തരത്തിൽ ഇന്റർനെറ്റ് കണക്ഷൻ നേടാൻ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. കെ ഫോണിന്റെ നിലപാടിൽ മന്ത്രി എൻ.ഷംസുദ്ദീൻ മുഖ്യമന്ത്രി വി.ഡി.സതീശനുമായി ചർച്ച നടത്തും. കെ ഫോണിന്റെ സേവനം തുടരാനാകുമോയെന്ന സാദ്ധ്യത തേടും. സൗജന്യമില്ലെങ്കിൽ ബദൽ തേടും. അദ്ധ്യയനം തുടങ്ങി രണ്ടുമാസം പിന്നിട്ടപ്പോൾ, ഇന്റർനെറ്റ് ലഭിക്കാതിരിക്കുന്നത് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. ആറായിരത്തോളം സ്കൂളുകളിലാണ് കെ ഫോൺ ഉപയോഗിക്കുന്നത്. മറ്റുസേവനദാതാക്കളെ സമീപിച്ചാൽ സാമ്പത്തിക ബാദ്ധ്യതയാകും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി നിലവിൽ പലരുടെയും സഹായം തേടുന്നുണ്ട്.


