LIFESTYLE
ഇപ്പോഴും മലയാളികളെ ചിരിപ്പിക്കുന്ന ഹനീഫിക്ക: 16 വർഷത്തിനുശേഷം നടന്റെ വലിയ സ്വപ്നം സഫലം!

മലയാളികളുടെ ചിരിയോർമകളിൽ ഒരിക്കലും മരിക്കാതെ നിറഞ്ഞുനിൽക്കുന്ന നടനാണ് കൊച്ചിൻ ഹനീഫ. പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയും പുലിവാൽകല്യാണത്തിലെ ധർമേന്ദ്രയും അടക്കം അനേകം കഥാപാത്രങ്ങൾ നൽകിയ ചിരിനിമിഷങ്ങൾ മലയാളികൾ കാണാത്ത ദിവസമുണ്ടാകില്ല. 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് വീടൊരുങ്ങി. കൊച്ചി വെണ്ണലയിലാണ് പുതിയ വീട്. പിതാവ് എബി മുഹമ്മദിന്റെ പേരിലാകണം തന്റെ വീടെന്നത് കൊച്ചിൻ ഹനീഫയുടെ ആഗ്രഹമായിരുന്നു. അതിനാൽ ‘കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ എന്നാണ് വീട്ടുപേര്.ചെറിയ പ്ലോട്ടിൽ അഞ്ചു കിടപ്പുമുറികളോടെ ഒരുക്കിയ വീടാണിത്. ഇന്റീരിയർ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. പുറമെ രണ്ടുനിലയെങ്കിലും മൂന്നുനിലയുടെ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉള്ളിലെ ചുവരുകളിൽ നിറയെ ഹനീഫയുടെ ചിരിയോർമകൾ നിറഞ്ഞുനിൽക്കുന്ന ജീവൻതുടിക്കുന്ന ചിത്രങ്ങൾ, ലഭിച്ച പുരസ്കാരങ്ങൾ കാണാം.മലയാളികളെ ഏറെക്കാലം പൊട്ടിച്ചിരിപ്പിച്ചശേഷം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു കൊച്ചിൻ ഹനീഫയുടേത്.12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഹനീഫയ്ക്കും ഫാസിലയ്ക്കും കുട്ടികൾ ഉണ്ടാകുന്നത്. പക്ഷേ ആ സന്തോഷം അധികകാലം നീണ്ടില്ല. ഇരട്ടക്കുട്ടികളായ സർഫയ്ക്കും മർവയ്ക്കും നാലു വയസ്സ് മാത്രമുള്ളപ്പോഴാണ് ഹനീഫയുടെ അപ്രതീക്ഷിത വിയോഗം.ഹനീഫയുടെ മരണശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ പലരും നിർബന്ധിച്ചെങ്കിലും ഭർത്താവ് പേരിനോടൊപ്പം കൂട്ടിയ നാടുവിട്ടുപോകാൻ ഫാസില തയാറായില്ല. കഴിഞ്ഞ 16 കൊല്ലം കടവന്തറയിലെ വാടക വീട്ടിലായിരുന്നു കുടുംബം താമസിച്ചത്. ഹനീഫയുടെ മരണത്തോടെ നിയമകുരുക്കിലായ സ്വത്തും സമ്പാദ്യങ്ങളും മക്കൾക്ക് പതിനെട്ട് വയസായതോടെ തിരികെ ലഭിച്ചത് കുടുംബത്തിന് ആശ്വാസമായി.ആരുടെ മുന്നിലും കൈനീട്ടാതെ ഹനീഫയുടെ സമ്പാദ്യം കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വപ്നവീട് പൂർത്തിയാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബം.
Cinema ⏭️

