BUSINESS
സൂപ്പർ ടാങ്കർ ലില ജാംനഗർ ഹോർമുസ് കടക്കേണ്ടെന്ന് ഇന്ത്യ; അംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് എണ്ണക്കമ്പനികൾ

ഹോർമുസിൽ അനിശ്ചിതത്ത്വം തുടരുന്ന സാഹചര്യത്തിൽ ക്രൂഡ് ഇറക്കുമതി വൈവിദ്ധ്യവൽക്കരിക്കാൻ ഇന്ത്യയുടെ ശ്രമം. ആഫ്രിക്കയിലെ അംഗോളയിൽ നിന്നും, തെക്കേ അമേരിക്കയിലെ വെനസ്വേലയിൽ നിന്നും ഇന്ധന ഇറക്കുമതി നടത്താനാണ് നീക്കം. മധ്യപൂർവ ദേശത്തു നിന്നുള്ള ഇന്ധന വരവിന് തടസ്സം നേരിട്ടാലും രാജ്യത്തെ ഇന്ധനവില വർധിപ്പിക്കാതെ ബാലൻസ് ചെയ്ത് മുന്നോട്ടു പോകാൻ ഇത് എണ്ണക്കമ്പനികളെ സഹായിക്കും. എന്നാൽ ഹോർമുസിലെ ഭീഷണി കാരണം ഇറാഖിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതി താൽക്കാലികമായി നിർത്തി വെച്ചിട്ടുമുണ്ട്. മേഖലയിലെ സുരക്ഷാ ഭീഷണി കാരണം റിസ്ക് എടുക്കാൻ ഇന്ത്യൻ എണ്ണക്കമ്പനികൾ തയ്യാറല്ല. 20 ലക്ഷം ബാരൽ ശേഷിയുള്ള ‘ലീലാ ജാംനഗർ’ എന്ന സൂപ്പർടാങ്കർ വഴി എണ്ണ എത്തിക്കാനുള്ള മുൻ തീരുമാനത്തിൽ നിന്ന് ഇന്ത്യൻ ഓയിൽ പിന്മാറുകയായിരുന്നു. സുരക്ഷാ ഭീഷണിയുള്ളതിനാൽ ഹോർമുസ് കടലിടുക്കിലൂടെ പൂർണ്ണ ശേഷിയിലുള്ള കൂറ്റൻ ടാങ്കർ അയക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുമെന്നാണ് കമ്പനിയുടെ നിഗമനം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ അസംസ്കൃത എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. രാജ്യത്തെ പ്രധാന പൊതുമേഖലാ റിഫൈനറികൾ, മിഡിൽ ഈസ്റ്റ് സംഘർഷം മൂലം നഷ്ടപ്പെട്ട വിതരണം നികത്തുന്നതിനായി പുതിയ ക്രൂഡ് ഗ്രേഡുകൾ കണ്ടെത്താനും പരീക്ഷിക്കാനും ശ്രമിക്കുന്നതായി മുതിർന്ന റിഫൈനറി ഉദ്യോഗസ്ഥർ ‘ഇക്കണോമിക് ടൈംസിനോട്’ പറഞ്ഞു.വെനസ്വേല, അംഗോള എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പുതിയ ക്രൂഡ് ഗ്രേഡുകൾ ഉൾപ്പെടെ വിവിധ ഭൂപ്രദേശങ്ങളിൽ നിന്ന് ഹോർമുസിന് പുറത്തുള്ള അസംസ്കൃത എണ്ണ സ്രോതസ്സുകൾ വൈവിധ്യവത്കരിച്ചതായി ഭാരത് പെട്രോളിയം അറിയിച്ചുഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ്, പേർഷ്യൻ ഉൾക്കടലിൽ ചരക്കുകൾ കുടുങ്ങിപ്പോയിട്ടുണ്ട്. ഇതിനാൽ ഒന്നാം പാദത്തിൽ മിഡിൽ ഈസ്റ്റിൽ നിന്ന് ദീർഘകാല കരാറുകൾ വഴിയുള്ള ക്രൂഡ് വിരളമായി മാത്രമാണ് ലഭിച്ചതെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും വ്യക്തമാക്കി. കുറഞ്ഞ വിലയേക്കാൾ എണ്ണ ലഭ്യതയ്ക്കാണ് കമ്പനി മുൻഗണന നൽകുന്നത്.കഴിഞ്ഞ വാരം, മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ രൂക്ഷമായതിനെയും, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പെട്ടെന്ന് തടസ്സപ്പെട്ടതിനെയും തുടർന്ന് ചില ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇറാഖിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി നിർത്തിവച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും, മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡും ഇറാഖിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ടുണ്ട്.
Read News


