BUSINESS
ഇ20 ഇങ്ങനെ പറ്റില്ല, പ്രതിസന്ധി ഒരു ലക്ഷത്തിലധികം പമ്പുകളെ ബാധിക്കും, കേന്ദ്രത്തിന് കത്തയച്ച് പമ്പുടമകൾ

എഥനോൾ കലർന്ന പെട്രോളിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കൃത്യമായ മാർഗരേഖയും പരിശോധനാ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പെട്രോൾ പമ്പുടമകൾ പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചു. ഗുണനിലവാരമില്ലാത്ത ഇന്ധനം വിൽക്കുന്ന ഡീലർമാർക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് ഡീലർമാർ തങ്ങളുടെ ആശങ്ക വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തിലധികം പെട്രോൾ പമ്പുകളെ ബാധിക്കുന്നതാണ് ഈ പ്രതിസന്ധി.എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്ന ഇന്ധനം മാത്രമാണ് തങ്ങൾ വിൽക്കുന്നതെന്നും അതിലെ എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാനുള്ള യാതൊരു സംവിധാനവും പമ്പുകളിൽ ഇല്ലെന്നും ഡീലർമാർ ചൂണ്ടിക്കാട്ടുന്നു.ഇന്ധനത്തിലെ മായം ചേർക്കൽ തടയാൻ കർശന പരിശോധനകൾ നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എട്ടിനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്. എന്നാൽ ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാവശ്യ പീഡനങ്ങൾക്കും അഴിമതിക്കും വഴിയൊരുക്കുമെന്നാണ് ഡീലർമാരുടെ ആശങ്ക. കൂടാതെ സ്വകാര്യ കമ്പനികളെ ഈ പരിശോധനാ ഉത്തരവിൽ നിന്ന് ഒഴിവാക്കിയതിനെതിരെയും പമ്പുടമകൾ പ്രതിഷേധമറിയിച്ചു. പൊതുമേഖല എണ്ണക്കമ്പനികളുടെ പമ്പുകളിൽ മാത്രം പരിശോധന നടത്താനായിരുന്നു ഉത്തരവ്.
Travel ⏭️


