LIFESTYLE
ആ നിയമക്കുരുക്കഴിഞ്ഞു; ഷാറൂഖിന് മന്നത്ത് നവീകരിക്കാം; മുടക്കുന്നത് 25 കോടി രൂപ!

സൂപ്പർതാരം ഷാറൂഖ് ഖാനെപ്പോലെ തന്നെ ലോകപ്രശസ്തമാണ് അദ്ദേഹത്തിന്റെ മന്നത്ത് എന്ന ബംഗ്ലാവും. മുംബൈയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്പോട്ടുകളിലൊന്ന് എന്ന് ഈ വീടിനെ വിശേഷിപ്പിക്കാം. മന്നത്തിനോട് ചേർത്ത് പുതിയ ഏതാനും നിലകൾ കൂടി നിർമിക്കുന്നതിന്റെ ഭാഗമായി താരകുടുംബം പാലി ഹില്ലിൽ അപ്പാർട്ട്മെന്റുകൾ വാടകയ്ക്കെടുത്ത് താമസം മാറ്റിയിരുന്നു. എന്നാൽ ബംഗ്ലാവ് നവീകരിക്കാനുള്ള തീരുമാനങ്ങൾ വന്നതുമുതൽ പലകോണുകളിൽ നിന്നും എതിർപ്പുകളും ശക്തമായിരുന്നു. ഇപ്പോൾ പാരിസ്ഥിതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നവീകരണങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിക്കപ്പെട്ട ഒരു ഹർജി സുപ്രീംകോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്.കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന മന്നത്ത് ബംഗ്ലാവിനോട് ചേർത്ത് പുതിയ നിലകൾ നിർമിക്കുന്നത് പാരിസ്ഥിതികലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകനായ സന്തോഷ് ദൗണ്ട്കറാണ് ഹർജി സമർപ്പിച്ചിരുന്നത്. അധികനിലകൾ നിർമിക്കുന്നതിന് തീരദേശ നിയന്ത്രണ മേഖല (സിആർസെഡ്) അനുമതി നൽകിയതിനെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്തത്. ഹരിത ട്രൈബ്യൂണലിലും സുപ്രീംകോടതിയിലും സമർപ്പിച്ച പരാതിയിൽ ഗൗരി ഖാനെയും കക്ഷി ചേർത്തിട്ടുണ്ട്.എന്നാൽ തീരദേശ നിയന്ത്രണ മേഖല അംഗീകാരത്തിനെതിരായ എതിർപ്പുകൾ തള്ളിക്കളഞ്ഞുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണൽ നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു. അതേസമയം ഹർജിയുടെ ആത്മാർത്ഥതയിൽ ഗുരുതരമായ സംശയങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.കഴിഞ്ഞവർഷമാണ് മന്നത്ത് ബംഗ്ലാവിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പാരമ്പര്യ കെട്ടിടമെന്ന പദവി നിലനിൽക്കുന്നതിനാൽ ആവശ്യമായ അനുമതികൾ നവീകരണം ആരംഭിക്കുന്നതിനു മുൻപ് തന്നെ നേടുകയും ചെയ്തിരുന്നു. 27,000 ചതുരശ്ര അടിയിൽ ആറു നിലകളിലായി വ്യാപിച്ചുകിടക്കുന്ന ബംഗ്ലാവിനോട് ചേർത്ത് അധികമായി രണ്ടുനിലകൾ നിർമിക്കാനുള്ള പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. 2001ൽ ഏകദേശം 13 കോടി രൂപയ്ക്ക് ഷാറൂഖ് സ്വന്തമാക്കിയ വസതി ആഡംബര സൗകര്യങ്ങൾ ഉൾപ്പെടുത്തി മന്നത്ത് ബംഗ്ലാവായി പുനർനിർമിക്കപ്പെട്ടതോടെ 200 കോടി മൂല്യമുള്ളതായി മാറുകയായിരുന്നു.ഗൗരി ഖാൻ തന്നെയാണ് മന്നത്ത് ബംഗ്ലാവിന്റെ ഇന്റീരിയർ ഡിസൈനിങ് നിർവഹിച്ചിരിക്കുന്നത്. സ്വകാര്യ തിയേറ്റർ, പൂർണ്ണമായി സജ്ജീകരിച്ച ജിം, സ്വകാര്യ ലൈബ്രറി, ഒന്നിലധികം ലോഞ്ചുകൾ, കുടുംബാംഗങ്ങൾക്ക് ഓരോരുത്തർക്കുമായി പ്രത്യേക ആഡംബര സൗകര്യങ്ങൾ , ഓഫീസുകൾ എന്നിവയെല്ലാം വസതിയിൽ ഉൾപ്പെടുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ശേഖരിച്ചിട്ടുള്ള അമൂല്യമായ കലാസൃഷ്ടികൾ, ശില്പങ്ങൾ, ഷാൻലിയറുകൾ എന്നിവയെല്ലാം ഇന്റീരിയറിന്റെ പ്രൗഢി വർധിപ്പിക്കുന്നു. ബംഗ്ലാവിന്റെ നിലവിലെ നവീകരണ പ്രവർത്തനങ്ങൾ 2027ൽ പൂർത്തിയാകും എന്നാണ് കണക്കാക്കുന്നത്. 25 കോടി രൂപയാണ് ഇതിനായി താരം ചെലവിടുന്നത്.***ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഈ ചിത്രം @gaurikhan എന്ന ഇൻസ്റ്റഗ്രാം പേജിൽനിന്ന് എടുത്തിട്ടുള്ളതാണ്.
Cinema ⏭️


