AUTO
മൈലേജ് 22.8 കി.മീ; ഹൈബ്രിഡ് എൻജിനുമായി ഹോണ്ട ഇസഡ്ആർ–വി വിപണിയിൽ

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് മോഡല് ഇസഡ്ആർ–വി ഇന്ത്യൻ വിപണിയിൽ എത്തി. ഒറ്റമോഡലിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 47.99 ലക്ഷം രൂപയാണ്. പൂർണമായും ജപ്പാനിൽ നിർമിച്ച് ഇറക്കുമതി ചെയ്യുന്ന എസ്യുവിയുടെ ആദ്യ രണ്ട് ബാച്ചുകൾ വിറ്റ് തീർന്നെന്നു മൂന്നാം ബാച്ച് ഉടനെത്തുമെന്നുമാണ് ഹോണ്ട അറിയിക്കുന്നത്. 2.0 ലീറ്റർ, 4-സിലിണ്ടർ ഡയറക്ട്-ഇഞ്ചക്ഷൻ ആറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എൻജിനാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളുമുണ്ട്. ഇലക്ട്രിക് മോട്ടറും പെട്രോൾ എൻജിനും കൂടി ചേർന്ന് 184 എച്ച്പി കരുത്തും 315 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഫ്രണ്ട് വീൽ ഡ്രൈവ് വാഹനത്തിൽ ഇ-സിവിടി ഗിയർബോക്സാണ് ഉപയോഗിക്കുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.9 സെക്കൻഡ് മതി. കൂടാതെ ലീറ്ററിന് 22.8 കിലോമീറ്റർ എന്ന സെഗ്മെന്റിലെ ഏറ്റവും ഉയർന്ന മൈലേജും വാഹനം വാഗ്ദാനം ചെയ്യുന്നു. പരമ്പരാഗത ബോക്സി എസ്യുവി രൂപത്തിന് പകരം ഒരു ക്രോസ്ഓവർ ശൈലിയാണ് ഇസഡ്ആർ–വി ഡിസൈനിൽ ഹോണ്ട സ്വീകരിച്ചിരിക്കുന്നത്. സ്ലിം എൽഇഡി ഹെഡ്ലാമ്പുകൾ, L-ആകൃതിയിലുള്ള ഡിആർഎല്ലുകൾ, വെർട്ടിക്കൽ സ്ലേറ്റുകളുള്ള ഗ്രിൽ, എയർ വെന്റുകളുള്ള സ്പോർട്ടി ബമ്പർ, 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, സ്റ്റൈലിഷ് ക്ലിയർ-ലെൻസ് ടെയിൽ-ലാമ്പുകൾ, റൂഫ് സ്പോയ്ലർ, സിഗ്നേച്ചർ e:HEV ബാഡ്ജിങ്, ഡ്യുവൽ എക്സ്ഹോസ്റ്റ് ടിപ്പുകൾ എന്നിവയാണ് വാഹനത്തിന്റെ പുറംഭാഗത്തെ പ്രത്യേകതകൾ. ട്വിലൈറ്റ് മിസ്റ്റ് ബ്ലാക്ക് പേൾ, ക്രിസ്റ്റൽ ബ്ലാക്ക് പേൾ, മീറ്റിയോറോയിഡ് ഗ്രേ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നീ നാലു കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.മെമ്മറി ഫംഗ്ഷനോട് കൂടിയ 8-വേ പവേർഡ് ഡ്രൈവർ സീറ്റ്, 4-വേ പവേർഡ് പാസഞ്ചർ സീറ്റ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, അംബിയന്റ് ലൈറ്റിങ്, ജെസ്റ്റർ കൺട്രോളുള്ള ഇലക്ട്രിക് ടെയിൽഗേറ്റ് എന്നിവയുമുണ്ട്. സുരക്ഷയ്ക്കായി ലെവൽ 2 ADAS സുരക്ഷാ പാക്കേജ്, 8 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്റർ, ഹിൽ-സ്റ്റാർട്ട് & ഡിസെന്റ് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ എന്നിവയുമുണ്ട്.
Sports ⏭️


