NEWS

‘നര-വാനര യുദ്ധം’: ഇത് നിസ്സഹായനായ മനുഷ്യന്റെ സങ്കടകഥ; തോൽവി സമ്മതിച്ച് നാടുവിടാനൊരുങ്ങി കൃഷ്ണൻകുട്ടി


എരുമപ്പെട്ടി ∙ നൂറുകണക്കിന് കുരങ്ങൻമാർ ചേർന്ന് ഒരു വീടിന്റെ മേൽക്കൂര പൊളിച്ച് ഓടുകൾ വലിച്ചെറിയുന്നു. ഉടൻതന്നെ ഒരു മനുഷ്യൻ ആളെക്കൂട്ടി അതു വീണ്ടും മേയുന്നു. കുരങ്ങൻമാർ വീണ്ടുമെത്തി പൊളിക്കുന്നു. ആ റൗണ്ടിൽ തോൽവി സമ്മതിച്ച് മനുഷ്യൻ പൊളിച്ച ഓടിന്റെ സ്ഥാനത്ത് ടാർപോളിൻ കെട്ടുന്നു. കുരങ്ങൻമാർ ആവേശത്തോടെയെത്തി അതു മാന്തിപ്പൊളിക്കുന്നു. മനുഷ്യൻ തോൽവി സമ്മതിക്കുന്നു…. നര–വാനര യുദ്ധം ചിത്രീകരിക്കുന്ന ഗെയിമോ എഐ നിർമിത റീലോ അല്ല ഇത്. നിസ്സഹായനായ മനുഷ്യന്റെ സങ്കടകഥയാണ്. അവസാന റൗണ്ടിലും തോൽവി സമ്മതിച്ച് വീടുവിട്ടിറങ്ങാനൊരുങ്ങുന്ന മണ്ടംപറമ്പ് ഉന്നതിയിലെ എളാട്ടുവളപ്പിൽ കൃഷ്ണൻകുട്ടി(64)യുടെ കഥ. ഇറങ്ങിയാൽ എവിടെ അന്തിയുറങ്ങും എന്ന ആശങ്കയുണ്ട്. അല്ലെങ്കിൽ നേരത്തേ ഇറങ്ങിയേനേ.തൊട്ടടുത്ത വനത്തിൽ നിന്നിറങ്ങി വരുന്ന കുരങ്ങൻമാരോടേറ്റുമുട്ടി തോൽവി സമ്മതിച്ച് നേരത്തേ കുറെപ്പേർ ഇവിടെ നിന്നു സ്ഥലം കാലിയാക്കിയിട്ടുണ്ട്. അവർക്കൊക്കെ പോയി താമസിക്കാൻ ദൂരെ ബന്ധുക്കളോ മക്കളോ ഉണ്ട്. നാലു വർഷം മുൻപാണ് പ്രശ്നം തുടങ്ങിയത്. പകൽ സമയത്ത് വന്നെത്തുന്ന കുരങ്ങുകൂട്ടം രാത്രി ഉന്നതിയിലെ മരക്കെ‍ാമ്പുകളിലും വീടുകളുടെ മുകളിലും ഇരിപ്പുറപ്പിക്കും. വീട്ടുകാർ പണിക്കുപേ‍ാകുന്നതേ‍ാടെ ഓടുകൾ പെ‍ാളിച്ച് അകത്തുകയറി ഭക്ഷണവും അരിയും മറ്റും വാരിവലിച്ചിട്ട് തിന്നും. വീടിനുള്ളിൽ വിസർജിക്കുന്നതും പതിവാണ്. പുറത്ത് ഉണക്കാനിടുന്ന തുണികൾ എടുത്തായിരിക്കും മടക്കം. ഇവയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. ഉന്നതിയിലെ ചില വീട്ടുകാർക്ക് പഞ്ചായത്തിൽ നിന്ന് ലൈഫ് അടക്കമുളള ഭവനിർമാണ പദ്ധതികൾ വഴി കോൺക്രീറ്റ് വീടുകൾ ലഭിച്ചു. അതോടെ ആ വീടുകളിലെ കുരങ്ങുശല്യം കുറഞ്ഞു.


Fashion ⏭️

Back to top button