AUTO
രണ്ടാമത്തെ മോഡൽ! വിൽപനയിൽ 8 ലക്ഷം പിന്നിട്ട് ടാറ്റ പഞ്ച്

വില്പനയില് എട്ടു ലക്ഷം യൂണിറ്റുകള്‍ പിന്നിട്ട് ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ മോഡല്‍ പഞ്ച്. നെക്സോണിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ടാറ്റയുടെ രണ്ടാമത്തെ മാത്രം മോഡലാണ് പഞ്ച്. പഞ്ചിന്റെ പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക്ക് മോഡലുകളുടെ ആകെ വില്പന കണക്കാണിത്. ഐസിഇ മോഡലുകളുടേയും ഇലക്ട്രിക്ക് മോഡലുകളുടേയും വില്പനയുടെ വിശദാശംങ്ങള്‍ വെവ്വേറെയായി കമ്പനി പുറത്തുവിടാറില്ല. കഴിഞ്ഞ ഫെബ്രുവരി തുടക്കത്തില്‍ 7 ലക്ഷം വില്പനയിലെത്തിയ പഞ്ച് അഞ്ചു മാസത്തിനുള്ളിലാണ് ഒരു ലക്ഷ കൂടി വില്പന സ്വന്തമാക്കിയിരിക്കുന്നത്.നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 60,321 പഞ്ചുകളാണ് വിറ്റുപോയത്. ഇതോടെ ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇന്ത്യയിലെ എസ്യുവി എന്ന പദവിയും പഞ്ച് സ്വന്തമാക്കി. വിപണിയിലിറങ്ങിയ ശേഷം ഇതുവരെ മൂന്നു തവണ പഞ്ചിന്റെ പ്രതിമാസ വില്പന 20,000 യൂണിറ്റ് കടന്നിരുന്നു. 2026ല്‍ തന്നെയാണ് ഈ മൂന്നു മാസങ്ങളുമെന്നതും പഞ്ചിന്റെ ജനപ്രീതിയുടെ വളര്‍ച്ചക്കുള്ള തെളിവാവുകയാണ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ടാറ്റ മോട്ടോഴ്സ് പഞ്ചിന്റെ ഫേസ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്. ഡിസൈനിലും ഫീച്ചറുകളിലും മാത്രമല്ല പുതിയ പവര്‍ട്രെയിന്‍ ഓപ്ഷന് വരെ ഉള്‍പ്പെടുത്തിയായിരുന്നു മുഖം മിനുക്കിയുള്ള പഞ്ചിന്റെ വരവ്. 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന്, സിഎന്‍ജി എഎംടി ഓപ്ഷന്, പുതിയ ബാറ്ററി ഓപ്ഷനുകളോടെയുള്ള പഞ്ച് ഇവി, ഇലക്ട്രിക്ക് മോഡലുകള്‍ക്ക് ബാറ്ററി ആസ് എ സര്‍വീസ് പ്രോഗ്രാം എന്നിവയോടെയാണ് പഞ്ച് ഫേസ്ലിഫ്റ്റ് എത്തിയത്. നിലവില്‍ പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പതിപ്പുകളിലായി 32 മോഡലുകളിൽ പഞ്ച് ലഭ്യമാണ്. പെട്രോള്‍ മോഡലുകളുടെ എക്സ് ഷോറൂം വില 5.70 ലക്ഷം രൂപ മുതലും സിഎന്‍ജി മോഡലുകളുടേത് 6.80 ലക്ഷം രൂപ മുതലും ഇലക്ട്രിക്ക് മോഡലുകളുടേത് 9.69 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുക.
Sports ⏭️


