NEWS
അദാനി വിമാനക്കമ്പനി തുടങ്ങില്ല; റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്, കടുത്ത എതിർപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും

അദാനി ഗ്രൂപ്പ് വിമാന സർവീസിലേക്ക് കടക്കില്ല. വിമാനക്കമ്പനി തുടങ്ങുമെന്നും അതിന് അവസരമൊരുക്കാനായി നിയമഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് അപേക്ഷ സമർപ്പിച്ചെന്നുമുള്ള റിപ്പോർട്ടുകൾ അദാനി ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസ് നിഷേധിച്ചു. റിപ്പോർട്ടുകൾ വാസ്തവവിരുദ്ധവും പൂർണമായും തെറ്റുമാണെന്ന് കമ്പനി വ്യക്തമാക്കി. അദാനി ഗ്രൂപ്പിന് നിലവിൽ മുംബൈ വിമാനത്താവള കമ്പനിയിൽ 74% ഓഹരി പങ്കാളിത്തമുണ്ട്. വിമാനത്താവള കമ്പനികളിൽ ഓഹരി പങ്കാളിത്തമുള്ളവർക്ക് വിമാന സർവീസ് കമ്പനികളിൽ 10 ശതമാനത്തിലധികം ഓഹരി പങ്കാളിത്തം നേടാൻ ചട്ടം അനുവദിക്കുന്നില്ല. ഈ ചട്ടം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദാനി കേന്ദ്രസർക്കാരിനെ സമീപിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. കേന്ദ്രം അദാനിക്ക് അനുകൂലമായി നീങ്ങിയേക്കുമെന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു.വിമാനക്കമ്പനികൾക്ക് വിമാനത്താവള കമ്പനികളിൽ പ്രമോട്ടർ ഓഹരി പങ്കാളിത്തം നേടാനും ചട്ടം അനുവദിക്കുന്നില്ല. അദാനി ഗ്രൂപ്പിന് കീഴിലെ വിമാനത്താവള മാനേജ്മെന്റ് കമ്പനിയാണ് അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ്. തിരുവനന്തപുരം, മംഗളൂരു, മുംബൈ, നവിമുംബൈ, ഗുവാഹതി, ലക്നൗ, അഹമ്മദാബാദ്, ജയ്പുർ എന്നീ വിമാനത്താവളങ്ങളുടെ മാനേജ്മെന്റ് ചുമതല നിർവഹിക്കുന്നത് ഈ കമ്പനിയാണ്.
Fashion ⏭️


