NEWS

‘സർക്കാരിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ?’: ഡോ.റാമിന്റെ അറസ്റ്റിലെ വീഴ്ച; ഡിവൈഎസ്പിയെ ‘നിർത്തിപ്പൊരിച്ച്’ കോടതി


കൊച്ചി ∙ ‘ ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ? ആഭ്യന്തര വകുപ്പ് ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെ നല്ല കാര്യങ്ങൾ ചെയ്യുന്ന സമയത്ത് അതിന്റെ ശോഭ കെടുത്താനുള്ള ഉദ്ദേശ്യത്തിലാണോ ഇങ്ങനെ ചെയ്തത്? അതോ മേലുദ്യോഗസ്ഥർ പറഞ്ഞിട്ടാണോ? നിയമപരമല്ലാത്ത നടപടികളിലൂടെ പ്രതികളെ രക്ഷപെടുത്താൻ പൊലീസ് നോക്കിയാൽ സാധാരണക്കാരുടെ കാര്യങ്ങൾ നോക്കാൻ കോടതിയുണ്ട്’– അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഡോ. എം.കെ.റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാട്ടി, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീർ കല്ലനോട് ഹൈക്കോടതി ചോദിച്ചത് ഇങ്ങനെ. ഡോ. റാമിനെ അറസ്റ്റ് ചെയ്തപ്പോൾ സുപ്രീം കോടതി അനുശാസിക്കുന്ന തരത്തിലുള്ള ‘അറസ്റ്റിനുള്ള കാരണം’ നൽകിയിട്ടില്ലെന്ന് പ്രാഥമികമായി വ്യക്തമാണെന്ന് കേസ് പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് എ.ബദറുദീൻ പറഞ്ഞു. ഇതാണ് പ്രതിയുടെ മോചനത്തിലേക്ക് നയിച്ചതെന്നും വിഷയം വളരെ ഗുരുതരമാണെന്നും കോടതി പറഞ്ഞു.ഡിവൈഎസ്പി ചെയ്തത് ഗുരുതരമായ തെറ്റാണെന്നും നടപടി എടുക്കണമെന്നും കോടതി പറഞ്ഞു. ഉത്തരവാദികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന ഉറപ്പ് പാലിച്ചില്ലെങ്കിൽ കോടതി ഇടപെടും. ഇതൊന്നും നിയമപരമായി അനുവദിക്കാനാവില്ല.  ശക്തമായ നടപടിയുണ്ടാകും. സാധാരണക്കാരന്റെ കാര്യം നോക്കാൻ ഇവിടെ കോടതിയുണ്ട്. പൊലീസുകാർ വിചാരിച്ചാൽ ആരെയും ഉപദ്രവിക്കാമെന്ന ചിന്തയൊന്നും ആവശ്യമില്ല. ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുത്. ഈ വിഷയത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവും’– ജസ്റ്റിസ് ബദറുദീൻ പറഞ്ഞു.


Fashion ⏭️

Back to top button