NEWS

നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ കെഎസ്ആർടിസി: അന്നത്തെ നഷ്ടം 60 ലക്ഷം, 2019ൽ ഉപേക്ഷിച്ച പദ്ധതി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സാമ്പത്തിക നഷ്ടം നേരിടുകയും സ്വകാര്യ വത്കരണം എന്ന ആക്ഷേപം ഉയരുകയും ചെയ്തതോടെ ഇടതു സർക്കാർ 2019ൽ ഉപേക്ഷിച്ച ബസ് നെറ്റ് ലീസിന് (മൊത്തവാടക)​ എടുക്കുന്ന പദ്ധതി നടപ്പിലാക്കാൻ കെ.എസ്.ആർ.ടി.സി.

കൂടുതൽ എ.സി പ്രിമിയം ബസുകൾ വാടകയ്ക്കെടുക്കാനാണ് നീക്കം. ടെൻഡർ വിളിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തോമസ് ചാണ്ടി ഗതാഗത മന്ത്രിയായിരിക്കെയാണ് 10 സ്കാനിയ ബസുകൾ നെറ്റ് ലീസ് വ്യവസ്ഥയിൽ കെ.എസ്.ആർ.ടി.സി ഉപയോഗിച്ചത്. ബസിനൊപ്പം ഡ്രൈവറെയും ഉടമ നൽകും. കണ്ടക്ടറെ നിയോഗിച്ച് ഇന്ധനം നിറച്ച് കെ.എസ്.ആർ.ടി.സി സർവീസ് നടത്തണം.

10ൽ എട്ട് സർവീസുകളും നഷ്ടത്തിലായിരുന്നു. എന്നിട്ടും 25 ബസുകൾ കൂടി നെറ്റ് ലീസ് വ്യവസ്ഥയിൽ സർവീസിനയയ്ക്കാൻ കെ.എസ്.ആർ.ടി.സി നീക്കം നടത്തി.കെ.എസ്.ആർ.‌ടി.സിയെ സ്വകാര്യവത്കരണത്തിലേക്കു നയിക്കാനാണ് ഈ നീക്കമെന്ന് ആക്ഷേപം ഉയർന്നു. നഷ്ടക്കണക്ക് 2019 ജനുവരി 30ന് കേരളകൗമുദി ചൂണ്ടി കാണിച്ചതിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചു.

ബസിന്റെ കുറവും ശബരിമല സീസണിൽ കൂടുതൽ ബസുകൾ ഉപയോഗിക്കേണ്ടി വരുന്നതും ചൂണ്ടിക്കാട്ടിയാണ് നിശ്ചിത തുക വാടക മാത്രം കൈപ്പറ്റി റൂട്ട് സ്വകാര്യ ബസുടമകൾക്ക് വിട്ടുകൊടുക്കാൻ അന്ന് നീക്കം നടത്തിയത്. അതേ കാരണം തന്നെയാണ് ഇപ്പോഴും കെ.എസ്.ആർ.ടി.സി ഉന്നയിച്ചിരിക്കുന്നത്.

ആഗസ്റ്റ് 15 മുതൽ ആറ് മാസത്തേക്ക് ബസുകൾ വാടകയ്‌ക്കെടുക്കാനാണ് നീക്കമെങ്കിലും നീട്ടികൊടുക്കാൻ സാദ്ധ്യതയുണ്ട്.

അന്നത്തെ നഷ്ടം മാസം 60 ലക്ഷം

ഡീസൽ ലിറ്ററിന് 69 രൂപ നിരക്കുണ്ടായിരുന്നപ്പോൾ വാടക ബസ് കാരണം കെ.എസ്.ആർ.ടി.സിക്കുണ്ടായ പ്രതിമാസ നഷ്ടം 60 ലക്ഷം രൂപയായിരുന്നു. ഇപ്പോൾ 104 രൂപയാണ് ഡീസൽ വില.
RELATED TOPICS: KSRTC, KSRTC BUS NET LEASE, KSRTC NET LEASE SCHEME, KSRTC BUS RENTAL, KSRTC NET LEASE

Read News ⏭️

Back to top button