333 കോടിയുടെ വമ്പന്‍ പദ്ധതി; കാര്‍ഷിക ഉത്പന്നങ്ങള്‍ ഇനി ആഗോള വിപണിയിലേക്ക്

പ്രതീകാത്മക ചിത്രം
ഫാം ടു ഗ്‌ളോബല്‍ വിപണനത്തിന് തുടക്കമാകും
തിരുവനന്തപുരം: ലോകബാങ്ക് സഹകരണത്തോടെ സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ പ്രൊഡക്ടിവ് അലയന്‍സിലൂടെ കാര്‍ഷിക ഉത്പന്നങ്ങള്‍ ദേശീയ-അന്തര്‍ദ്ദേശീയ വിപണികളിലെത്തിക്കാനുള്ള ഫാം ടു ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് രീതികളിലേക്ക് കേരളവും നീങ്ങുന്നു. കേരളത്തിലെ കര്‍ഷക ഉത്പാദന കമ്പനികളും (FPC) തത്പരരായ കാര്‍ഷിക സംരംഭകരും (ABP) കേരയുമായി ഏര്‍പ്പെടുന്ന ത്രികക്ഷി കരാര്‍ മുഖേനയാണ് ഉത്പാദന സഖ്യങ്ങള്‍ നടപ്പാക്കുന്നത്. സംസ്ഥാനത്തുടനീളം 150 പ്രൊഡക്ടിവ് അലയന്‍സുകള്‍ക്കായി 333 കോടി രൂപ ചെലവഴിക്കും.
പ്രൊഡക്ടിവ് അലയന്‍സ് സംബന്ധിച്ച് കേരളത്തിലെ കര്‍ഷക ഉത്പാദക കമ്പനികളുടെ പ്രതിനിധികള്‍ക്കും കാര്‍ഷിക സംരംഭകര്‍ക്കുമായി സമേതിയില്‍ നടത്തിയ സംസ്ഥാന തല ശില്പശാല കേര പ്രൊജക്റ്റ് ഡയറക്ടറും കാര്‍ഷികോല്‍പ്പാദന കമ്മീഷണറുമായ മിന്‍ഹാജ് ആലം ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ പ്രൊജക്റ്റ് ഡയറക്ടര്‍ കെ. ഇമ്പശേഖര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ് സി. തമ്പി, കേര ഇ.എസ്.എസ്. നോഡല്‍ ഓഫീസര്‍ ഡോ. എസ്. യമുന തുടങ്ങിയവര്‍ പങ്കെടുത്തു.
ലക്ഷ്യം
കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യ വര്‍ദ്ധനയിലൂടെ കര്‍ഷകര്‍ക്ക് സുസ്ഥിര വിപണിയും വിലയും ഉറപ്പാക്കി കര്‍ഷകരും സംരംഭകരും തമ്മില്‍ നേരിട്ടുള്ള വിപണി ബന്ധം വിപുലമാക്കുകയാണ് ലക്ഷ്യം.


