NEWS
സ്വകാര്യ എയർലൈൻ ജീവനക്കാരിയെ പീഡിപ്പിച്ച് കാർ ഡ്രൈവർ; അതിക്രമം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ

ഹൈദരാബാദ് ∙ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന 37 വയസ്സുകാരിയായ സ്വകാര്യ എയർലൈൻ കാബിൻ ക്രൂ അംഗത്തെ പീഡിപ്പിച്ച കേസിൽ 23 കാരനായ കാർ ഡ്രൈവർ അറസ്റ്റിൽ. ശംഷാബാദിൽ നിന്ന് വിമാനത്താവളത്തിലേക്ക് എയർലൈൻ ഏർപ്പാടാക്കിയ കാറിലാണ് യുവതി കയറിയത്. നിശ്ചിത റൂട്ടിലൂടെ പോകുന്നതിനു പകരം ഡ്രൈവർ വിമാനത്താവളത്തിനു സമീപമുള്ള നിർമാണത്തിലിരിക്കുന്ന വിജനമായ സ്ഥലത്തേക്ക് വാഹനം ഓടിച്ചുപോയി. പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങുകയാണെന്ന് യുവതിയോട് പറഞ്ഞ ഡ്രൈവർ, രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ തിരിച്ചെത്തി കാറിന്റെ പിൻവാതിലിലൂടെ അകത്തുകയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ശംഷാബാദ് എസിപി വി. ശ്രീകാന്ത് ഗൗഡ് അറിയിച്ചു.ആക്രമണത്തെ ശക്തമായി ചെറുത്ത അതിജീവിത, പ്രതിയെ തള്ളിമാറ്റി കാറിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. സമീപത്തുണ്ടായിരുന്ന നിർമാണ തൊഴിലാളിയോട് സഹായം അഭ്യർഥിച്ച് ബഹളം വച്ചതോടെ, പ്രതി കാറുമായി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തുടർന്ന് യുവതി വിമാനത്താവളത്തിലെ പൊലീസ് ഔട്ട്പോസ്റ്റിലെത്തി പരാതി നൽകി. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലക്കാരനായ എരപോഗു പ്രശാന്ത് കുമാർ എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
Fashion ⏭️


