NEWS
അവയവ കച്ചവട–വ്യാജരേഖ ചമയ്ക്കൽ കേസ്: അന്വേഷണത്തിന് എസ്ഐടി; കെ.എസ്.സുദർശൻ സംഘത്തെ നയിക്കും

കൊച്ചി ∙ സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ അവയവ കച്ചവട–വ്യാജരേഖ ചമയ്ക്കൽ റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘത്തിന് രൂപം നൽകി സർക്കാർ. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശനാണ് അന്വേഷണ സംഘത്തിന്റെ തലവൻ. കാസർഗോഡ് സ്വദേശിയായ ഇടനിലക്കാരൻ മുഹമ്മദ് നജീബ് കല്ലട്രയുടെ നേതൃത്വത്തിലുള്ള സംഘം അനധികൃത വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കായി വ്യാജ രേഖകൾ ചമച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. അനുമതി നിഷേധിക്കപ്പെട്ട കേസുകളിൽ പോലും അവയവം മാറ്റിവയ്ക്കൽ നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്താനുള്ള തീരുമാനം.ഇതു മാത്രമല്ല, വിദേശങ്ങളിൽ നിന്ന് രോഗികളെ എത്തിച്ച് പാവപ്പെട്ടവരെ കെണിയിൽപ്പെടുത്തി അവയവ കൈമാറ്റം നടന്നു എന്ന ഗുരുതരമായ ആരോപണവും എസ്ഐടി അന്വേഷിക്കും. ‘‘മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വിദേശ രോഗികളെ നാട്ടിലെത്തിക്കുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദരിദ്രരായ ആളുകളെ പ്രലോഭിപ്പിച്ച് അവയവ ദാതാക്കളാക്കി മാറ്റുകയും ചെയ്യുന്ന റാക്കറ്റുകളാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് സംശയിക്കപ്പെടുന്നു’’, എന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില് പറയുന്നത്. വ്യാജ തിരിച്ചറിയൽ രേഖകൾ, ഹവാല-ക്രിപ്റ്റോകറൻസി വഴിയുള്ള സാമ്പത്തിക ഇടപാടുകൾ, വിവിധ മേഖലകളിലുള്ളവരുടെ പങ്കാളിത്തം എന്നിവ ഉൾപ്പെടെ ദേശീയ-രാജ്യാന്തര ബന്ധമുള്ള സംഘടിത കുറ്റകൃത്യ ശൃംഖലയെക്കുറിച്ച് വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
Fashion ⏭️


