NEWS

ജനുവരി മുതല്‍ ഭൂമി അനുവദിച്ച് തുടങ്ങും; പദ്ധതി പൂര്‍ത്തീകരണത്തോടെ മദ്ധ്യകേരളത്തിന്റെ മുഖം മാറും

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാര്‍ട് സിറ്റിയുടെ പ്രചാരണ പരിപാടികള്‍ ഡിസംബറോടെ ആരംഭിക്കാനും അടുത്ത വര്‍ഷം ആദ്യം വന്‍കിട വ്യവസായങ്ങള്‍ക്ക് ഭൂമി അനുവദിച്ചു തുടങ്ങാനും കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.ഐ.സി.ഡി.സി) തയ്യാറെടുക്കുന്നു. 50 ഏക്കറിനു മുകളില്‍ ഭൂമി ആവശ്യമുള്ള വ്യവസായങ്ങളെയായിരിക്കും ആദ്യഘട്ട അലോട്മെന്റിലേക്ക് പരിഗണിക്കുക.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടതു പോലെ 2029 ഏപ്രിലില്‍തന്നെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഭൂമിയുടെ അലോട്മെന്റും പൂര്‍ത്തിയാക്കി സ്മാര്‍ട് സിറ്റി പൂര്‍ണതോതില്‍ സജ്ജമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും ജില്ലാ കളക്ടറും എന്‍.ഐ.സി.ഡി.സി ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘം എല്ലാമാസവും പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നു.

കേരള സര്‍ക്കാരിന് കീഴിലുള്ള കിന്‍ഫ്രയും കേന്ദ്ര സര്‍ക്കാരിനു കീഴിലെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റും (എന്‍.ഐ.സി.ഡി.ഐടി) ചേര്‍ന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമാണ് സ്മാര്‍ട് സിറ്റിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്.

ഐ.ഐ.ടി , എന്‍.ഐ.ടി സഹകരണം

പാലക്കാട് ഐ.ഐ.ടി, തിരുച്ചിറപ്പള്ളി എന്‍.ഐ.ടി എന്നിവിടങ്ങളില്‍നിന്നുള്ള സാങ്കേതികനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഡിസൈന്‍ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി കേരള സര്‍ക്കാര്‍ 1,489 കോടി രൂപ ചെലവിട്ട് ഏറ്റെടുത്ത 1,450 ഏക്കര്‍ ഭൂമിയില്‍നിന്ന് 889 ഏക്കര്‍ ഭൂമി കെ.ഐ.സി.ഡി.സിക്ക് കൈമാറിയിട്ടുണ്ട്. ഇതിന് ആനുപാതികമായി അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് 934.46 കോടി രൂപ ഇതിനോടകം കോര്‍പ്പറേഷന് ലഭിച്ചിട്ടുണ്ട്.

രാജ്യത്ത് നടപ്പാക്കുന്ന 12 വ്യവസായ സ്മാര്‍ട് സിറ്റികളില്‍ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആദ്യം പൂര്‍ത്തീകരിച്ച് നടപടികളാരംഭിച്ചത് കേരളമാണ്.

Read News ⏭️

Back to top button