NEWS

‘ഉപേക്ഷിച്ച കു‍ഞ്ഞിനെ തിരികെ വേണം’, അലഞ്ഞത് 48 ദിവസം; ഒടുവിൽ മന്ത്രി ഇടപെട്ടു, ‘ആരവ്’ ഇനി മയങ്ങും, പെറ്റമ്മയുടെ മാറിലെ ചൂടിൽ


കോഴിക്കോട്∙ ‘ആരവ്’ ഇനിയും മയങ്ങും, പെറ്റമ്മയുടെ മാറിലെ ചൂടേറ്റ്….! ‌‌കുടുംബം കയ്യൊഴിഞ്ഞതോടെ ഉണ്ടായ സമ്മർദത്തിൽ കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച മുപ്പതു വയസ്സുകാരിക്ക് ആശ്വാസമായി, കുഞ്ഞിനെ തിരികെ നൽകാനുളള നടപടികളിലേക്ക് സാമൂഹിക ക്ഷേമ വകുപ്പ്. ഡിഎൻഎ ഫലം കൂടി വിലയിരുത്തിയ ശേഷം കു‍ഞ്ഞിനെ തിരിച്ചുനൽകുമെന്ന് വനിത–ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ഡിഎൻഎ പരിശോധനയ്ക്കുള്ള തുക കെട്ടി വയ്ക്കാതെ കു‍ഞ്ഞിനെ കൈമാറില്ലെന്ന നിലപാടിലായിരുന്നു ശിശുക്ഷേമ സമിതി. ഇതേക്കുറിച്ച് മനോരമ ന്യൂസ് നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രി ഇടപെട്ടത്. ഡിഎൻഎ ഫലം അനുകൂലമാണെങ്കിൽ ഉടൻ കുഞ്ഞിനെ കൈമാറാൻ നടപടിയെടുക്കുമെന്നും ഫീസ് ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു. അമ്മയുടെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന നടത്തിയെങ്കിലും ഇതിന് ചെലവായ 25,200 രൂപ അടയ്ക്കാതെ തുടർനടപടി സ്വീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു അധികൃതർ. തുക കണ്ടെത്താൻ വകയില്ലെന്നും ജില്ലാ അധികൃതരെ നേരിൽ കണ്ടിട്ടും ഫലമുണ്ടായില്ലെന്നും അമ്മ വ്യക്തമാക്കിയിരുന്നു.കുഞ്ഞ് ആരുടെയെങ്കിലും സംരക്ഷണത്തിൽ നന്നായി വളരുമെന്ന പ്രതീക്ഷയിലായിരുന്നു ആ തീരുമാനമെന്ന് യുവതി പറഞ്ഞു. രാത്രി 10.37 ന് അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിന് ശിശുക്ഷേമ സമിതി ജീവനക്കാർ ‘ആരവ്’ എന്നാണ് പേരിട്ടത്. നൊന്തുപെറ്റ കുഞ്ഞിന്റെ മുഖം ആ അമ്മയുടെ മനസ്സിൽ നിന്ന് പിന്നെ മാഞ്ഞില്ല. മൂത്തമകനും ഇതേ മനസ്സായിരുന്നു. ഈ മാനസിക സംഘർഷത്തിന് ഒടുവിലാണ്, മാർച്ച് 12 ന് ഉപേക്ഷിച്ച കുഞ്ഞിനെ തേടി 48 ദിവസങ്ങൾക്ക് ശേഷം അമ്മ അധികൃതരെ കണ്ടത്.


Fashion ⏭️

Back to top button