NEWS
ഭൂമിക്കടിയിൽ നിന്നു പ്രകമ്പനം: പീച്ചി ഭൂചലനം; 13 വീടുകളുടെ ചുമരുകളിൽ വിള്ളൽ

പീച്ചി ∙ ഡാമിനു സമീപം പള്ളിക്കുന്ന്, ജണ്ടമുക്ക്, മനയ്ക്കപ്പാടം, തെക്കേക്കുളം എന്നിവിടങ്ങളിലുണ്ടായ ഭൂചലനത്തിൽ കൂടുതൽ വീടുകളിൽ വിള്ളലുകൾ കണ്ടെത്തി. പള്ളിക്കുന്നിൽ 10 വീടുകളിലും ജണ്ടമുക്കിൽ ഒരിടത്തും മനയ്ക്കപ്പാടത്തു 2 വീടുകളിലെ ചുമരുകളിലും വിള്ളലുണ്ടായി. തിങ്കൾ വൈകിട്ട് 6നു ശേഷമാണ് ഭൂമിക്കടിയിൽ നിന്നു പ്രകമ്പനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ നീണ്ടുനിന്ന പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. പള്ളിക്കുന്ന് മങ്കമത്തിൽ ശശി, തലക്കോട്ടൂർ ലോനക്കുട്ടി, കാട്ടിപ്പറമ്പിൽ സൈമൺ, കാഞ്ഞിരത്തിങ്കൽ ഷാജി, തെക്കേക്കര തങ്കായി കുര്യൻ, വേലംകുടി ശാന്ത, ചിറയത്ത് ഡേവിഡ്, മേക്കര സുഭാഷ്, തടത്തിൽ രാജൻ, തെക്കേക്കുളത്തിൽ ലക്ഷ്മി, ചിറ്റിലപ്പിള്ളി ലോനപ്പൻ, മനയ്ക്കപ്പാടം കല്ലിങ്കൽ നാരായണൻ നായർ, തെക്കേക്കര എബി എന്നിവരുടെ വീടുകളിലാണ് വിള്ളലുകൾ രൂപപ്പെട്ടത്. പലയിടത്തും പുതിയ വിള്ളൽ രൂപപ്പെടുകയും പഴയ വിള്ളലുകൾ വലുതാവുകയും ചെയ്തു. സന്ദർശനം നടത്തി ഭൂചലനമനുഭവപ്പെട്ട മേഖലയിൽ പഞ്ചായത്ത് അധികൃതരും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും സന്ദർശനം നടത്തി. തൃശൂർ തഹസിൽദാർ കെ.വി.സനൽകുമാറിന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ വീടുകളിലെത്തി പരിശോധന നടത്തി. വിശദമായ റിപ്പോർട്ട് ഇന്നു കലക്ടർക്കും ജിയോളജി വകുപ്പിനും നൽകുമെന്നു തഹസിൽദാർ അറിയിച്ചു. ഡപ്യൂട്ടി തഹസിൽദാർമാരായ സി.എൻ സിമി, വി.എ.സിൽവി, വില്ലേജ് ഓഫിസർ അനിൽ എ.പൗലോസ്, സ്പെഷൽ വില്ലേജ് ഓഫിസർ ബാലമുരളി എന്നിവരാണ് പരിശോധനയ്ക്കെത്തിയത്.
Fashion ⏭️


