SPORTS

‘ഞാൻ എന്റെ ദൈവത്തിൽ വിശ്വസിക്കുന്നു, ഒന്നും ഞാനല്ല ചെയ്തെന്ന് എനിക്കറിയാം; അന്ന് രോഹിത്തിനെ വിശ്വസിച്ചില്ല, സോറി’


ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിന്റെ തുടക്കത്തിൽ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയപ്പോൾ തനിക്ക് ഇനിയും ടീമിൽ സ്ഥാനം കിട്ടുമെന്ന് പറഞ്ഞ രോഹിത് ശർമയുടെ വാക്കുകൾ താൻ വിശ്വസിച്ചിരുന്നില്ലെന്ന് ഇന്ത്യൻ താരം സഞ്ജു സാംസൺ. രോഹിത്തിന്റെ ഉറപ്പ് വിശ്വസിക്കാൻ താൻ തുടക്കത്തിൽ പ്രയാസപ്പെട്ടിരുന്നെന്നും, പിന്നീട് തന്റെ ആത്മവിശ്വാസം വീണ്ടെടുക്കുകയും വെസ്റ്റിൻഡീസിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിക്കാൻ കഴിഞ്ഞെന്നും സഞ്ജു സാംസൺ പറഞ്ഞു.പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കപ്പെട്ടതിലെ നിരാശ ലോകകപ്പിന്റെ പ്രാരംഭ ഘട്ടത്തിലുമുണ്ടായിരുന്നെന്നും പെട്ടെന്നു അതു മറികടക്കാൻ സാധിച്ചില്ലെന്നും സഞ്ജു വിശദീകരിച്ചു. ‘‘ന്യൂസീലൻഡ് പരമ്പരയ്ക്ക് രണ്ടു ദിവസത്തിന് ശേഷമാണ്, ലോകകപ്പ് ആരംഭിച്ചത്. മനസ്സൊന്നു ശാന്തമാകാൻ ഒരാഴ്ചയെങ്കിലും വേണം. കാര്യങ്ങൾ ഉള്ളിൽ ഒതുക്കി വയ്ക്കാൻ എനിക്ക് ഇഷ്ടമല്ല, അതിനാൽ എനിക്ക് 100 ശതമാനം സന്തോഷം തോന്നുന്നില്ലെങ്കിൽ അത് എന്റെ മുഖത്ത് കാണാം. സ്വയം വീണ്ടും ട്രാക്കിലാകുന്നതിന് മുൻപ് നാലോ അഞ്ചോ ദിവസത്തേക്ക് ഞാൻ ആ അവസ്ഥയിലൂടെ കടന്നുപോയി.’’– സഞ്ജു കൂട്ടിച്ചേർത്തു.ആ പുതുക്കിയ വീക്ഷണം വെസ്റ്റിൻഡീസിനെതിരായ വെർച്വൽ ക്വാർട്ടർ ഫൈനലിൽ സാംസന്റെ മാച്ച് വിന്നിങ് ഇന്നിങ്സിന് അടിത്തറയിട്ടു; എല്ലാം ഒത്തുവന്ന അപൂർവ ദിവസങ്ങളിൽ ഒന്നായിരുന്ന അതെന്ന് സഞ്ജു പറഞ്ഞു: ‘‘സിംബാബ്‌വെയ്‍ക്കെതിരായ മത്സരശേഷം ഞാൻ ആ മത്സരത്തിനായി കൂടുതൽ നന്നായി തയാറെടുത്തു. ഞാൻ ഐപിഎലിലും ഇന്ത്യക്കായും കളിക്കുകയും സെഞ്ചറികൾ നേടുകയും ചെയ്ത ദിവസങ്ങളുണ്ട്, അപ്പോഴെല്ലാം എല്ലാം ശരിയാണെന്ന് തോന്നും. അങ്ങനെയുള്ള ദിവസങ്ങളിൽ ഒന്നായിരുന്നു അത്. നമ്മൾ ആസ്വദിക്കുക, ആ നിമിഷത്തിൽ ജീവിക്കുക, ആ പ്രക്രിയയിൽ തുടരുക, കാര്യങ്ങൾ തനിയെ സംഭവിക്കാൻ തുടങ്ങും.’’ പവർപ്ലേയ്ക്ക് ശേഷം വേഗത കൂട്ടുക എന്നത് തന്റെ സ്വാഭാവിക ശൈലിയാണെങ്കിലും, മറുതലയ്ക്കൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നതിനാൽ മത്സര സാഹചര്യം വ്യത്യസ്തമായ ഒരു സമീപനം ആവശ്യപ്പെട്ടതായി സഞ്ജു പറഞ്ഞു.


Auto ⏭️

Back to top button