NEWS
‘വിവാഹം കഴിക്കാൻ ഇതല്ലാതെ ഒരു മാര്‍ഗവും കണ്ടില്ല’: അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ

തിരുവനന്തപുരം∙ കിളിമാനൂരില്‍ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ പ്രധാന പ്രതി കടയ്ക്കല്‍ സ്വദേശി സുധീഷ് പിടിയിലായി. കൊല്ലം ചിതറയില്നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൂട്ടുപ്രതികളായ ലാല്‍ കൃഷ്ണ, ആരോമല്‍, അരുണ്‍ എന്നിവര്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. എന്തിനാണ് ഇത്തരത്തില്‍ ചെയ്തതെന്ന പൊലീസിന്റെ ചോദ്യത്തിന് ‘പൊലീസ് പിടിച്ചാലും വേണ്ടില്ല, തന്റെ സ്നേഹം അറിയിക്കാനും വിവാഹം കഴിക്കാനും ഇതല്ലാതെ വേറെ ഒരു മാര്‍ഗവും കണ്ടില്ല’ – എന്നാണ് സുധീഷ് പൊലീസിനോടു പറഞ്ഞത്. പിതാവിനെ മര്‍ദിച്ച്, ഭീഷണിപ്പെടുത്തി വിവാഹം നടത്താനായിരുന്നു തീരുമാനമെന്നും സുധീഷ് പറഞ്ഞു. ചിതറയിലെ ഒരു ആളൊഴിഞ്ഞ വീട്ടില്‍ പ്രതികള്‍ മൂന്ന് ദിവസമായി ഒളിച്ച് താമസിക്കുകയായിരുന്നു. ജൂലൈ 16നാണ് വിവാഹത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ യുവതിയുടെ പിതാവിനെയും സഹോദരനെയും സുധീഷും സുഹൃത്തുക്കളും ചേര്‍ന്ന് വെള്ളല്ലൂര്‍ വട്ടവിളയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു ബന്ദിയാക്കി മര്‍ദിച്ചത്. വര്‍ക്കല വടശ്ശേരിക്കോണം ആര്യഭവനില്‍ അനില്‍കുമാര്‍ (51), മകന് അച്ചു (20) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. മാസങ്ങള്‍ നീണ്ട ഗൂഢാലോചനയാണ് സുധീഷ് ഇതിനായി നടത്തിയിരുന്നത്. ആളൊഴിഞ്ഞ മേഖലയില്‍ റബര്‍ തോട്ടത്തിനു നടുവില്‍ സുധീഷിന്റെ മുത്തശ്ശിയുടെ പേരിലുള്ള പണി പൂര്‍ത്തിയാകാത്ത വീടിന്റെ ഒരു മുറിയില്‍ ഗ്ലാസുകള്‍ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി. മര്‍ദിക്കുമ്പോള്‍ ശബ്ദം പുറത്തേക്കു വരാതിരിക്കാനായിരുന്നു ഇത്. ഏകദേശം രണ്ടു ലക്ഷത്തോളം രൂപയെങ്കിലും ഇതിനായി ചെലവഴിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. റൂമില്‍ നേരത്തേ സ്ഥാപിച്ച ഇരുമ്പ് തൂണിലാണ് അനില്‍ കുമാറിനെ കെട്ടിയിട്ട് മര്‍ദിച്ചത്.
Fashion ⏭️


